ജിദ്ദ – നികുതി നിയമ ലംഘകര്‍ക്കുള്ള പിഴയിളവ് അടുത്ത ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കൊറോണ മഹാമാരിയുടെ ഫലമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ പ്രഖ്യാപിച്ച പിഴയിളവ് മെയ് 31 ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
നികുതി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തല്‍, നികുതി അടക്കുന്നതില്‍ കാലതാമസം വരുത്തല്‍, നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തല്‍, ഇലക്‌ട്രോണിക് ഇന്‍വോയ്‌സുമായും മൂല്യവര്‍ധിത നികുതിയുമായും ബന്ധപ്പെട്ട മറ്റു നിയമ ലംഘനങ്ങള്‍ എന്നിവക്കുള്ള പിഴകള്‍ അടക്കുന്നതില്‍ നിന്ന് വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥാപനങ്ങളെ പദ്ധതി പ്രകാരം ഒഴിവാക്കും. നികുതി വെട്ടിപ്പ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍, പിഴയിളവ് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് അടച്ച പിഴകള്‍ എന്നിവ പദ്ധതി പ്രകാരം ഒഴിവാക്കി നല്‍കില്ലെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.