റിയാദ്: സൗദിയിൽ വ്യാവസായിക നിക്ഷേപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 മെയ് മാസത്തിൽ 20.1 ബില്യൺ റിയാൽ നിക്ഷേപമുള്ള 99 വ്യാവസായിക ലൈസൻസുകൾ ആണ് വ്യവസായ- ധാതു-വിഭവ മന്ത്രാലയം അനുവദിച്ചത്.
ഈ ലൈസൻസുകൾ ആറ് ആക്റ്റിവിറ്റികളിൽ ആണ് വിതരണം ചെയ്യപ്പെട്ടത്, ഇതിൽ 16 ലൈസൻസുകൾ ഭക്ഷ്യ ഉൽപ്പാദന മേഖലയിൽ മാത്രം നൽകിയിട്ടുണ്ട്.
നാഷണൽ ഇൻഡസ്ട്രിയൽ ആൻഡ് മൈനിംഗ് ഇൻഫർമേഷൻ സെന്റർ റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി ആദ്യം മുതൽ ഏപ്രിൽ അവസാനം വരെ മന്ത്രാലയം നൽകിയ മൊത്തം വ്യവസായ ലൈസൻസുകളുടെ എണ്ണം 484 ആണ്. ഇതോടെ രാജ്യത്ത് നിലവിലുള്ളതും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി നടക്കുന്നതുമായ ഫാക്ടറികളുടെ എണ്ണം 10,966 ആയി.
പുതിയ വ്യാവസായിക ലൈസൻസുകളിൽ ഭൂരിഭാഗവും ചെറുകിട സംരംഭങ്ങൾ സ്വന്തമാക്കി. 88.89 ശതമാനമാണ് ചെറുകിട നിക്ഷേപ ശതമാനം. ഇടത്തരം സംരംഭങ്ങൾ 10.10 ശതമാനവും മൈക്രോ എന്റർപ്രൈസസ് 1.01 ശതമാനവും ആണ്.
സൗദി ദേശീയ ഫാക്ടറികൾ 73.74 ശതമാനവും വിദേശ സംരംഭങ്ങൾ 15.15 ശതമാനവും, സംയുക്തമായി 11.11 ശതമാനവും എന്നിങ്ങനെയാണ് നിക്ഷേപ തോത്.