ജിദ്ദ – ഇടതു വശത്ത് സ്റ്റിയറിംഗ് വീലുള്ള ഇലക്ട്രിക് കാര്‍ ഫാക്ടറി സൗദിയില്‍ സ്ഥാപിക്കുന്ന കാര്യം പഠിക്കാന്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ പ്രവൈഗ് കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ആവശ്യം നിറവേറ്റാന്‍ പത്തു ലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയില്‍ ഫാക്ടറി സ്ഥാപിക്കാനാണ് നീക്കം. സൗദി ഇന്ത്യ വെന്‍ചര്‍ സ്റ്റുഡിയോയുമായാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രവൈഗ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍, നൂതന ബാറ്ററികള്‍, ഊര്‍ജ സംഭരണ സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക ഉദ്ദേശ്യ വാഹനങ്ങളുടെ സംയുക്ത വികസനം, വിതരണം, സേവനം എന്നീ മേഖലകളില്‍ പരസ്പര സഹകരണത്തിനുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ ധാരണാപത്രം അനുശാസിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, അമേരിക്ക എന്നിവയുടെ ആവശ്യകതകള്‍ ഫലപ്രദമായി നിറവേറ്റുന്ന നിലക്ക് പത്തു ലക്ഷം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ നിര്‍മിക്കാനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കുക എന്നതാണ് പങ്കാളിത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. പ്രവൈഗിന്റെ വൈദഗ്ധ്യവും സൗദി അറേബ്യയുടെ വിലമതിക്കാനാവാത്ത പിന്തുണയും തന്ത്രപരമായ ദിശാബോധവും സംയോജിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിപണികളിലുടനീളം 31 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സമാനതകളില്ലാത്ത സാമ്പത്തിക അവസരങ്ങള്‍ തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണെന്നും പ്രവൈഗ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ പ്രവൈഗ് കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് എസ്.യു.വികളുടെ രണ്ടു മോഡലുകള്‍ അനാവരണം ചെയ്തിരുന്നു. ബാറ്ററികള്‍ നിര്‍മിക്കുന്നതിലും കമ്പനി വൈദഗ്ധ്യം നേടിയിട്ടുണ്ട്.