ജിദ്ദ:ലഗേജില്‍ കൂവപ്പൊടി കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ അരമണിക്കൂര്‍ ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങി.
തിരുവനന്തപുരത്തുനിന്നെത്തിയ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റെ ലഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ എത്തിയപ്പോള്‍ തന്നെ പ്രത്യേക മാര്‍ക്കിംഗ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ പ്രത്യേക മുറിയിലേക്ക് നീക്കി വീണ്ടും എക്‌സ് റേ പരിശോധന നടത്തുകയും ബാഗ് തുറന്നു പരിശോധിക്കുകയുമായിരുന്നു.
വിശദമായ പരിശോധനയില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കവറില്‍ കൂവപ്പൊടി കണ്ടെത്തുകയായിരുന്നു. ഇതാണ് സംശയം തോന്നി പരിശോധന നടത്താന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ അറിയിച്ചു. പരിശോധനയില്‍ കൂവപ്പൊടിയാണെന്ന് മനസ്സിലാക്കിയതോടെ പെട്ടി ഭദ്രമായി അടച്ച് തന്നെ പോകാന്‍ അനുവദിച്ചതായി യാത്രക്കാരന്‍ പറഞ്ഞു.
മയക്കുമരുന്നിന് സമാനമായ പൊടികള്‍ ലഗേജില്‍ കൊണ്ടുവരുന്നത് പലപ്പോഴും വിമാനത്താവളത്തില്‍ കുടുങ്ങാന്‍ ഇടയാക്കാറുണ്ട്. മയക്കുമരുന്ന് പരിശോധന ഇപ്പോള്‍ വളരെ ശക്തമാണ്. വെള്ളനിറത്തിലുള്ള പൊടികള്‍ എക്‌സ് റേ പരിശോധനയില്‍ കണ്ടെത്തിയാല്‍ ബാഗ് തുറന്നുള്ള പരിശോധനക്ക് കാരണമാകും.
കസ്റ്റംസ് അധികൃതര്‍ സൗമ്യമായാണ് പെരുമാറിയതെന്നും എന്നാല്‍ ഇത്തരം സാധനങ്ങള്‍ ലഗേജില്‍നിന്ന് ഒഴിവാക്കുന്നതാണ് ടെന്‍ഷനില്ലാത്ത യാത്രക്ക് നല്ലതെന്നും തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരന്‍ പറഞ്ഞു.