റിയാദ് – സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഓഹരി പങ്കാളിത്തമുള്ള അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനിയുടെ ഇലക്ട്രിക് കാറുകൾ സൗദിയിൽ വാടകക്ക്. ദീബ് റെന്റ് എ കാർ കമ്പനിയാണ് ലൂസിഡ് കാറുകൾ വാടകക്ക് ലഭ്യമാക്കിയിരിക്കുന്നത്. കമ്പനി ആദ്യമായി ഏർപ്പെടുത്തിയ പത്തു ലൂസിഡ് കാറുകളുടെ ഉദ്ഘാടന ചടങ്ങിൽ പൊതുഗതാഗത അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. റിയാദിൽ ദീബ് റെന്റ് എ കാർ കമ്പനി മെയിൻ ആസ്ഥാനത്താണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പുതിയ അവസരങ്ങൾ നൽകുന്ന നൂതനവും ശുദ്ധവുമായ പോംവഴികളിൽ ഒന്നാണ് പുതിയ പദ്ധതി. ഇത് ശുദ്ധമായ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദമായ ഒരു ഓപ്ഷൻ എന്നോണം ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം ശക്തമാക്കുന്ന നിലക്ക് കാറുകളിൽ ശുദ്ധമായ ഊർജം സ്വീകരിക്കാനും കാർബൺ പുറംതള്ളൽ കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
2030 ഓടെ സൗദിയിൽ പുതിയ കാറുകളിൽ വൈദ്യുതി കാർ അനുപാതം 25 ശതമാനമായി ഉയർത്താൻ ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രം ലക്ഷ്യമിടുന്നു. ഇതിന് പിന്തുണ നൽകാനുള്ള പൊതുഗതാഗത അതോറിറ്റി ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് സൗദിയിൽ ഇലക്ട്രിക് കാർ വാടക സേവനം യാഥാർഥ്യമാകുന്നത്.