ബന്ധുക്കളോ കുടുംബങ്ങളോ സൗദിയിലില്ലാത്തവർക്കും ‘വ്യക്തിഗത സന്ദർശക’ വിസയിൽ ഉംറ ചെയ്യാനും മറ്റും സൗദിയിലേക്ക് വരാമെന്ന് ഹജജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. കുടുംബ സന്ദർശക വിസയിലും ബിസിനസ് വിസിറ്റ് വിസയിലും നിരവധി പേർ സൗദിയിലെത്തി ഉംറ നിർവഹിക്കുന്നുണ്ടെങ്കിലും, ബന്ധുക്കളോ കുടംബങ്ങളോ സൗയിലില്ലാത്തവർക്കും ബിസിനസ് വിസിറ്റ് വിസ ലഭിക്കാത്തവർക്കും സഹായകരമാകുന്നതാണ് വ്യക്തിഗത സന്ദർശക വിസ.
സൗദി പൗരന്മാർക്ക് “വ്യക്തിഗത സന്ദർശന വിസ” വഴി ഉംറ നിർവഹിക്കാൻ രാജ്യത്തേക്ക് അവരുടെ വിദേശികളായ സുഹൃത്തുക്കളെയും പരിചയക്കാരെയും ക്ഷണിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റ് സന്ദർശക വിസകളെ പോലെ സിംഗിൾ എൻട്രി, മൾട്ടി എൻട്രി എന്നിങ്ങിനെയുള്ള വിസകൾ വ്യക്തിഗത സന്ദർശനത്തിനും അനുവദിക്കും.
സിംഗിൾ എൻട്രി പേഴ്സണൽ വിസക്ക് 90 ദിവസമാണ് കാലാവധിയുണ്ടാകുക. കാലവധി അവസാനിക്കുമ്പോൾ 90 ദിവസത്തേക്ക് കൂടി പുതുക്കുവാൻ അനുവദിക്കും. എന്നാൽ “മൾട്ടി എൻട്രി പേഴ്സണൽ വിസ” യുടെ സാധുത 365 ദിവസത്തേക്ക് വരെ ദീർഘിപ്പിക്കാം. എന്നാൽ 90 ദിവസം വരെയാണ് താമസ കാലയളവ് അനുവദിക്കുക. 90 ദിവസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി കാലാവധി ദീർഘിപ്പിച്ച് സൌദിയിലേക്ക് തിരിച്ച് പ്രവേശിക്കാം.
ഇങ്ങിനെ രാജ്യത്തെത്തുന്ന വിദേശികൾക്ക് ഉംറ ചെയ്യുവാനും മദീനയിൽ പ്രവാചകൻ്റെ മസ്ജിദ് സന്ദർശിക്കുവാനും അനുവദിക്കുന്നതോടൊപ്പം സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വിനോദസഞ്ചാര യാത്രകൾ പോകുവാനും വിവിധ പരിപാടികളിൽ സംബന്ധിക്കുവാനും അനുവാദം നൽകും. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി കിടക്കുന്ന വിവിധ നഗരങ്ങളിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും സൗദിയിൽ എവിടെയും സഞ്ചരിക്കുവാനും വ്യക്തിഗത വിസയിലെത്തുന്നവർക്ക് അനുവാദമുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ https://visa.mofa.gov.sa എന്ന വെബ് സൈറ്റ് വഴി വിസക്ക് അപേക്ഷിക്കാം.