ജിദ്ദ:സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി കുത്തനെ ഇടിഞ്ഞു. രണ്ടര വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറയുന്നത്. മെയ് മാസത്തിൽ സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 5.3 ശതമാനം തോതിലാണ് കുറഞ്ഞത്. മെയ് മാസത്തിൽ പ്രതിദിനം 69.3 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ തോതിലാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഏപ്രിൽ മാസത്തിൽ ഇത് 73.2 ലക്ഷം ബാരലായിരുന്നു. 2021 ഒക്‌ടോബറിനു ശേഷം ക്രൂഡ് ഓയിൽ കയറ്റുമതി ഇത്രയും കുറയുന്നത് ആദ്യമാണ്.
വൻതോതിൽ എണ്ണ വാങ്ങുന്ന ചില ഏഷ്യൻ രാജ്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ താരതമ്യേന വിലകുറഞ്ഞ റഷ്യൻ എണ്ണയിലേക്ക് ആകർഷിക്കപ്പെട്ടതാണ് സൗദി ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിച്ചത്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ 5,02,000 ബാരലിന്റെ കുറവുണ്ടായി. മെയ് മാസത്തിൽ പ്രതിദിന എണ്ണയുൽപാദനം 99.6 ലക്ഷം ബാരലായിരുന്നു. സൗദി അറേബ്യയുടെ കരുതൽ എണ്ണ ശേഖരം 14.82 കോടി ബാരലായും കുറഞ്ഞു.
ഒരു മാസത്തിനിടെ കരുതൽ എണ്ണ ശേഖരത്തിൽ 11.6 ലക്ഷം ബാരലിന്റെ കുറവാണുണ്ടായത്. മെയ് മാസത്തിൽ സൗദിയിലെ റിഫൈനറികൾ പ്രതിദിനം 25.9 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ തോതിൽ സംസ്‌കരിച്ചു. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഒരു ലക്ഷം ബാരൽ കുറവാണിത്. സമുദ്രജല ശുദ്ധീകരണത്തിനും വൈദ്യുതി ഉൽപാദനത്തിനും മെയ് മാസത്തിൽ പ്രതിദിനം ഉപയോഗിച്ച ക്രൂഡ് ഓയിൽ 89,000 ബാരൽ തോതിൽ വർധിച്ച് 4,78,000 ബാരലായി. മെയ് മാസത്തിൽ പ്രതിദിന ഇന്ധന കയറ്റുമതിയിൽ 1,74,000 ബാരലിന്റെ കുറവ് രേഖപ്പെടുത്തി. മെയ് മാസത്തിൽ പ്രതിദിനം 13.7 ലക്ഷം ബാരൽ ഇന്ധനങ്ങളാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്.
മെയ് മാസത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിട്ടു. ഇതിന്റെ ഫലമായി മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറഞ്ഞു. പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യൻ എണ്ണ കമ്പനികളിൽ നിന്ന് ചൈനീസ് റിഫൈനറികൾക്ക് ഇളവുകളോടെ എണ്ണ ലഭിച്ചതിന്റെ ഫലമായി മേയിൽ റഷ്യയിൽ നിന്നുള്ള ചൈനയുടെ എണ്ണ ഇരക്കുമതിയും സർവകാല റെക്കോർഡ് സ്ഥാപിച്ചു. വിപണിയിൽ സ്ഥിരതയുണ്ടാക്കാൻ ശ്രമിച്ച് പ്രതിദിന ഉൽപാദനത്തിൽ സ്വമേധയാ പത്തു ലക്ഷം ബാരലിന്റെ അധിക കുറവ് വരുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് ഓഗസ്റ്റ് അവസാനം വരെ സൗദി അറേബ്യ ഈ മാസാദ്യം ദീർഘിപ്പിച്ചിരുന്നു.