ജിദ്ദ – ക്ലീൻ എനർജി മേഖലാ സഹകരണത്തിന് മനാർ (ദീപസ്തംഭം) എന്ന പേരിൽ സൗദി, ജപ്പാൻ സംരംഭത്തിന് തുടക്കം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയും ജിദ്ദയിൽ നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് സമാരംഭം കുറിച്ചത്. ശുദ്ധമായ ഊർജ മേഖലയിൽ ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങളുടെയും കാർബൺ ന്യൂട്രാലിറ്റിയിൽ എത്താനുള്ള ശ്രമങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. കാർബൺ ന്യൂട്രാലിറ്റിയിൽ എത്തിച്ചേരാനുള്ള തന്ത്രങ്ങളും പദ്ധതികളും വികസിപ്പിക്കാനുള്ള ലോകത്തെ മറ്റ് രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും ശ്രമങ്ങൾക്ക് വഴികാട്ടിയായിരിക്കും പദ്ധതി.
ലോകത്ത് പുനരുപയോഗ ഊർജവും ക്ലീൻ ഹൈഡ്രജനും ഉൽപാദിപ്പിക്കാൻ ഏറ്റവും ചെലവ് കുറവ് സൗദിയിലാണെന്നതും ലോകത്തേക്ക് ഊർജ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന പാതകളിലെ രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥാനവും പ്രയോജനപ്പെടുത്തി കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ശുദ്ധ ഊർജ സാങ്കേതികവിദ്യാ പോംവഴികളിൽ ലോകത്ത് മുൻനിര സ്ഥാനമുള്ള ജപ്പാനും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ അഭിലഷിക്കുന്നു. ഹൈഡ്രജൻ, അമോണിയ, സിന്തറ്റിക് ഇന്ധനം, സർക്കുലാർ കാർബൺ ഇക്കോണമി, അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് കാർബൺ വേർതിരിച്ചെടുക്കൽ, ഗവേഷണ, വൈജ്ഞാനിക കൈമാറ്റം, സുസ്ഥിര വിഭവങ്ങളുടെ വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി ക്ലീൻ എനർജി പരിവർത്തന സമീപനത്തിന് സഹായിക്കുന്ന പദ്ധതികൾ സൗദി, ജപ്പാൻ മനാർ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച് നടപ്പാക്കും.