ജിദ്ദ-വടക്കൻ ജിദ്ദയിലെ യു.ബി.ടി യൂണിവേഴ്‌സിറ്റിക്കു സമീപം നിർമാണം നടന്നു വരുന്ന സദായിം പാർപ്പിട സമുച്ചയത്തിൽ പാർപ്പിട യൂണിറ്റുകളുടെ വിൽപനയാരംഭിച്ചു. മുപ്പത്തിയെട്ട് ലക്ഷം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള (ഏകദേശം 500 ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ വലിപ്പം) പ്രൊജക്റ്റിൽ 3616 ഫ്‌ളാറ്റുകളും 4951 വില്ലകളുമുൾപടെ എണ്ണായിരത്തോളം പാർപ്പിട യൂണിറ്റുകളുണ്ട്. ചെങ്കടൽ തീരത്തെ നോർത്ത് അബ്ഹുറിൽ കിംഗ് സൽമാൻ ക്രീക്ക്, ദുറത്തുൽ അറൂസ്, ജിദ്ദ ഡിജിറ്റൽ വനിത കോളേജ് എന്നിവയും സദായിമിനു തൊട്ടടുത്തതാണുള്ളത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എർപോർട്ടിലേക്ക് അരമണിക്കൂറിൽ താഴെ മാത്രമാണ് ഇവിടെ നിന്നുള്ള ദൂരം. 13 സ്‌കൂളുകളും വലിയ മസ്ജിദും ആശുപത്രിയും സമുച്ചയത്തിലുണ്ടാകും. ഏഴര ലക്ഷം റിയാൽ മുതലാണ് പാർപ്പിട യൂണിറ്റുകളുടെ വിലയാരംഭിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടൊപ്പം പൗരാണിക ഹിജാസി നിർമ്മാണ രീതി ഉൾക്കൊള്ളുന്ന പ്രകൃതി സൗഹൃദവും മനോഹരവുമായ പാർപ്പിട സമുച്ചയങ്ങളാണിവിടെ ഉയരുന്നത്. പാർപ്പിടയൂണിറ്റുകളുടെയും അനുബന്ധ പുൽത്തകിടികളുടെയും പാർക്കുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ജിദ്ദയിലെ ഏറ്റവും വലിയ പാർപ്പിട കേന്ദ്രമായിരിക്കുമിത്.