റിയാദ്:പ്രകൃതി സമ്പത്തുക്കളുടെ ശേഖരത്തിലും ലഭ്യതയിലും ലോക രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്താണെന്നു പഠന റിപ്പോർട്ട്, പെട്രോളിയം, പ്രകൃതിവാതകങ്ങൾ, സ്വർണം നിക്ഷേപങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണിത്. വിഭവ ശേഖരണത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിലെ 15 സമ്പന്ന രാജ്യങ്ങളിൽ സൗദി ഒന്നാം സ്ഥാനത്തും യു.എ.ഇ രണ്ടാം സ്ഥാനത്തും ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ അഞ്ചും ആറും സ്ഥാനങ്ങളിലുമാണുള്ളത്. ലോക സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്ക ഈ പട്ടികയിൽ 15 ാമതായി അവസാനത്തിലാണുള്ളത്. അന്താരാഷ്ട്ര രംഗത്തെ എക്കണോമിക്‌സ് മാഗസിനായ ഇൻഫോ ഗൈഡ് നൈജീരിയ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. റിപ്പോർട്ടനുസരിച്ച് വൻതോതിലുള്ള പെട്രോളിയം, പ്രകൃതി വാതകം, മറ്റു അമൂല്യ ഖനിശേഖരങ്ങൾ എന്നിവ മുഖേന ആഗോള സാമ്പത്തിക രംഗത്തെ മുന്നോട്ട് ചലിപ്പിക്കുന്നതിനും ഊർജം വ്യാവസായികം, ബിൽഡിംഗ് മെറ്റിരിയൽസ് തുടങ്ങിയ മേഖലകൾക്ക് ശക്തി പകരുന്നതിനും സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കാകും. പെട്രോളിയം ഉൽപാദക മേഖലയിൽ റിപ്പോർട്ടു പ്രകാരം അമേരിക്ക മുൻ നിര രാജ്യങ്ങളുടെ കൂട്ടത്തിലാണുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ കരുതൽ എണ്ണ ശേഖരമായ 869.6 ബില്യൺ ബാരൽ പെട്രോളിന്റെ 30.7 ശതമാനവും സൗദിയിലാണുണ്ടായിരുന്നത്. 2021 ഓടെ ഒപെക് രാജ്യങ്ങളുടെ ആകെ കരുതൽ ശേഖരമായിരുന്ന 1.242 ട്രില്യൺ ബാരൽ കരുതൽ ശേഖരത്തിന്റെ 21.5 ശതമാനവും സൗദിയിലായിരുന്നു. ആഗോള പെട്രോളിയം ശേഖരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തും കരുതൽ ശേഖരത്തിന്റെ കാര്യത്തിൽ 21.5 ശതമാനവും സൗദിയുടെ ഓഹരിയാണെന്നും മാഗസിൻ പറയുന്നു.