റിയാദ്:സൗദിയിൽ ആഭ്യന്തര വ്യാപാര രംഗത്തെ റീട്ടെയിൽ മേഖലയുടെ സ്വകാര്യവൽക്കരണം തൊഴിൽ മാനവ ശേഷി വികസന മന്ത്രാലയത്തിൽ നിന്നും മാറ്റി വാണിജ്യ മന്ത്രാലയത്തെ ഏൽപിക്കാൻ തീരുമാനിച്ചതായി വാണിജ്യ മന്ത്രാലയം ഔദ്യോഗികമായി വെളിപ്പെടുത്തി. തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ടതായതിനാലാണ് വാണിജ്യ മന്ത്രാലയത്തിലേക്കു തന്നെ ഈ രംഗത്തെ സ്വകാര്യ വൽക്കരണം ഏൽപിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. തൊഴിലില്ലായ്മ നിരക്ക് കുറക്കുക, വ്യാപാര മേഖലയിലെ വിദേശി സാന്നിധ്യത്തിനു സ്വദേശികളിൽ നിന്നു പകരം സംവിധാനങ്ങൾ കണ്ടെത്തുക തുടങ്ങിയവയെല്ലാം ഈ രംഗത്തെ സൗദിവൽക്കരണം മുഖേന ലക്ഷ്യമിടുന്നുണ്ട്. വാണിജ്യ മേഖലയിലെ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് പ്രത്യേകം ഏജൻസിയെ തന്നെ വ്യാപാരികളെ സഹായിക്കുകയും ചില്ലറ വിൽപന മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതിനുമായി മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. ആദ്യപടിയെന്നോണം 20 ശതമാനത്തിൽ താഴെ മാത്രം സ്വദേശികളുള്ള വ്യാപാര സ്ഥാപനങ്ങളിലെ സ്വദേശികളുടെ തോത് ദ്രുതഗതിയിൽ വർധിപ്പിക്കുകയാകും ചെയ്യുക. വലിയ തോതിലുള്ള പ്രവൃത്തി പരിചയമോ വിദ്യാഭ്യാസ യോഗ്യതയോ ആവശ്യമില്ലാത്തതിനാൽ അതു പ്രായോഗികവുമായിരിക്കുമെന്നതാണ് മന്ത്രാലയത്തിന്റെ നിഗമനം. ശൂറാ കൗൺസിൽ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്തു തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികളിൽ 70 ശതമാനം പേരും സെക്കണ്ടറി വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ളവരായതിനാൽ കൂടുതൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ ഈ രംഗത്തു പരീക്ഷിക്കാവുന്നതുമാണ്.