മക്ക:കഅ്ബക്ക് പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇരുഹറം കാര്യാലയ വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള കിംഗ് അബ്ദുൽ അസീസ് കിസ്‌വ ഫാക്ടറി അറിയിച്ചു. മുഹർറം ഒന്നിന് ബുധനാഴ്ചയാണ് കിസ്‌വ മാറ്റം നടക്കുക. മികച്ച ഗുണനിലവാരവും സുരക്ഷിതത്വവും അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായ നിലവാരവും പരിശോധിച്ചുറപ്പിക്കലുൾപ്പെടെ കിസ്‌വയുമായി ബന്ധപ്പെട്ട എല്ലാ നടപടികമങ്ങളും പൂർത്തിയായിട്ടുണ്ട്.
പത്ത് ഘട്ടമായാണ് കിസ്‌വ നിർമിക്കുന്നത്. കിസ്‌വ നിർമാണത്തിന് ഉദ്ദേശിച്ചിട്ടുള്ള പട്ട് കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശതമാനം താപനില ക്രമീകരിച്ചാണ് ഡീസാലിനേഷൻ എന്ന ആദ്യ ഘട്ടം ആരംഭിക്കുന്നത്. പട്ട് തയാറാക്കുന്ന പ്രക്രിയക്ക് ചില മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉപ്പുവെള്ളം തയാറാക്കും. നിറം നൽകുന്ന പ്രക്രിയയാണ് രണ്ടാമത്തേത്. ഉയർന്ന ഊഷ്മാവിൽ പട്ട് കഴുകുകയും പട്ട് സംരക്ഷിക്കുന്ന മെഴുക് പാളി നീക്കം ചെയ്യുകയും ചെയ്യും. തുടർന്ന് വിശുദ്ധ കഅ്ബയുടെ പുറംഭാഗത്തെ ആവരണത്തിന് കറുപ്പ് നിറം നൽകും. അകത്തെ ആവരണത്തിനും പ്രവാചകന്റെ അറയ്ക്കും പച്ച നിറമാണ് നൽകുന്നത്. ചായം നൽകിയ ശേഷം പ്രത്യേക ഡ്രയറുകളിൽ വെച്ച് പട്ട് ഉണക്കും.
ലാബ് പരിശോധനയാണ് മൂന്നാം ഘട്ടം. പട്ടിന്റെ ഗുണമേൻമ ഉറപ്പു വരുത്താൻ ചായം നൽകുന്നതിന് മുമ്പും ശേഷവും പട്ടിന്റെ സാമ്പിൾ പരിശോധനക്കെടുക്കും. സ്വർണം പൂശിയതും അല്ലാത്തതുമായ വെള്ളി നൂലുകളുടെ ഗുണമേൻമയും ഉറപ്പു വരുത്തും.
അഞ്ചാം ഘട്ടത്തിൽ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചുള്ള നെയ്ത്ത് ജോലികളാണ് നടക്കുന്നത്. വൈന്റിംഗ് മെഷീനുകൾ വഴി പട്ടുനൂൽ തയാറാക്കും. ഒരു മീറ്റർ നീളത്തിൽ 9900 പട്ടുനൂലുകൾ എന്ന തോതിലാണിത് തയാറാക്കുന്നത്. ഖുർആൻ സൂക്തങ്ങൾ അച്ചടിക്കുന്നതിനുള്ള പട്ടുതുണി നിർമിക്കുന്നതിന് നെയ്ത്ത് മെഷീനിൽ നൂൽ റെഡിയാക്കും. ബെൽറ്റിൽ ഉപയോഗിക്കാനുള സ്വർണം, വെള്ളി നൂലുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്യും. അല്ലെങ്കിൽ ജാക്കാർഡ് മെഷീനിൽ കിസ്‌വ നൂലുകളും കോട്ടൻ മെഷീനിൽ ലൈനിംഗുകളും നിർമിക്കും.
അഞ്ചാം ഘട്ടം വ്യത്യസ്ത വലിപ്പത്തിലുള്ള രണ്ട് തടിക്കഷ്ണങ്ങളിൽ പട്ടുതുണികൾ ഉറപ്പിക്കുന്നതിനുള്ള പ്രിന്റിംഗ് ആണ്. ശേഷം സിൽക്ക് സ്‌ക്രീൻ വഴി കഅ്ബയുടെ ബെൽറ്റിന് ഖുർആൻ സൂക്തങ്ങൾ പ്രിന്റ് ചെയ്യും. ബെൽറ്റിന് താഴെയുളള ഖുർആൻ സൂക്തങ്ങൾ, ലേബലുകൾ, വാതിലിന്റെ വിരി എന്നിവയുടെ പ്രിന്റും പൂർത്തിയാക്കും.
ആറാമത്തെ ഘട്ടം ഹാൻഡ് എംബ്രോയ്ഡറി ടൂളുകൾ തയാറാക്കുന്ന ഘട്ടമാണ്. ഇതിൽ ഖുർആൻ സൂക്തങ്ങളും ഇസ്‌ലാമിക രൂപങ്ങളും നിറക്കുന്നതിന് ഉപയോഗിക്കുന്ന കോട്ടൺ നൂലുകൾ തയാറാക്കും.
ഏഴാം ഘട്ടത്തിൽ സ്വർണ നൂലുകൾ കൊണ്ടുള്ള എംബ്രോയ്ഡറിയാണ്. ഖുർആൻ സൂക്തങ്ങളും ഇസ്‌ലാമിക് കാലിഗ്രഫിയും സ്വർണം പൂശിയ നൂലുകൾ കൊണ്ട് രൂപകൽപന ചെയ്യും. ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതാണ് എട്ടാമത്തേത്. ഒമ്പതാം ഘട്ടത്തിൽ ഇവയെല്ലാം തുന്നിച്ചേർക്കും. സ്വർണ നൂലുകൾ കൊണ്ട് തയാറാക്കിയ ഖുർആൻ സൂക്തങ്ങൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം കഅ്ബയുടെ വാതിലിന്റെ വിരി തുന്നിച്ചേർക്കും.
കഅ്ബയുടെ പഴയ കിസ്‌വ മാറ്റി പുതിയത് നിർമിക്കുന്നതാണ് പത്താമത്തെ ഘട്ടം. കഅ്ബയുടെ ഓരോ വശത്തേക്കും നിശ്ചയിച്ചിട്ടുള്ള കിസ്‌വ താഴേക്ക് തൂക്കുകയും കഅ്ബയുടെ കോണുകളിൽ നിന്നും അടിയിൽ നിന്നും നാല് കഷ്ണങ്ങൾ ഒരുമിച്ച് ഉറപ്പിക്കുകയും ചെയ്യും. കഅ്ബയുടെ വാതിലിനു വിരി സ്ഥാപിക്കുന്നതോടെ ആ ജോലികൾക്ക് വിരാമമാകും.