ജിദ്ദ:സൗദിയിൽ ഫഹ്‌സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ സെന്റർ) എണ്ണം ഇരട്ടിയിലേറെയായി ഉയർത്താൻ പദ്ധതിയുള്ളതായി സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ വെളിപ്പെടുത്തി. വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്താൻ ഏതാനും സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം 113 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് 33 സെന്ററുകളാണുള്ളത്. നേരത്തെ സൗദിയിൽ രണ്ടു കമ്പനികളാണ് വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്തിയിരുന്നത്. വാഹന പരിശോധനാ കേന്ദ്രങ്ങളുടെ ചുമതല സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനിലേക്ക് മാറ്റിയ ശേഷം ഈ കമ്പനികൾക്ക് ആകെ 53 സ്ഥലങ്ങളിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾ നടത്താൻ ലൈസൻസുകൾ അനുവദിച്ചു.
വാഹന പരിശോധനാ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കാനും മത്സരം ശക്തമാക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ശ്രമിച്ച് ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് കഴിഞ്ഞ വർഷം ജൂൺ ആറു മുതൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. ആകെ 34 കമ്പനികൾ അപേക്ഷകൾ സമർപ്പിച്ചു. ഇക്കൂട്ടത്തിൽ ഒമ്പതു കമ്പനികൾ യോഗ്യതാ വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നതായി വ്യക്തമായി. ഇതിൽ ഒരു കമ്പനി പിന്നീട് അപേക്ഷ പിൻവലിച്ചു. ഇതോടെ ലൈസൻസ് അപേക്ഷകൾ സമർപ്പിക്കാൻ വ്യവസ്ഥകൾ പൂർണമായ കമ്പനികൾ എട്ടായി മാറി.
വാഹന പരിശോധനാ സംവിധാനം സമഗ്രമായി വികസിപ്പിക്കാനുള്ള പദ്ധതി വിവിധ ഘട്ടങ്ങളായി, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പാക്കാൻ സ്വകാര്യ, സർക്കാർ വകുപ്പുകളുമായി സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ സഹകരിച്ചുവരികയാണ്. ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകിയും സുരക്ഷാ നിലവാരം ഉയർത്തിയും വാഹന പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ നിരന്തര ശ്രമങ്ങൾ തുടരുമെന്നും സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ പറഞ്ഞു.