കോഴിക്കോട്- കരിപ്പൂർ വിമാനതാവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. റിസ ഏരിയ വർധിപ്പിക്കാൻ റൺവേയുടെ നീളം കുറക്കാൻ എയർപോർട്ട അഥോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇതോടെ നിലവിലുള്ള റൺവേയുടെ 320 മീറ്റർ കുറയും. വലിയ വിമാനങ്ങൾ ഇറങ്ങാൻ റൺവേയുടെ നീളം കൂട്ടുന്നതിന് വേണ്ടി ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് റിസ ഏരിയ കൂട്ടാൻ നിർദ്ദേശം നൽകിയത്. റിസ ഏരിയ വർധിപ്പിക്കുന്നതോടെ നിലവിലുള്ള റൺവേ 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി ചുരുങ്ങും. കരിപ്പൂർ വിമാനാപകടത്തെ കുറിച്ച് അന്വേഷിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എ.എ.ഐ.ബി)നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിസ ഏരിയ വർധിപ്പിക്കുന്നത്. ഇതിന് വേണ്ടിയുള്ള 14.5 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുക, അല്ലെങ്കിൽ നിലവിലുലുള്ള 2860 മീറ്ററിൽനിന്ന് ഇരുഭാഗത്തുമായി 160 മീറ്റർ വീതം റൺവേയിൽനിന്ന് റിസ ഏരിയയിലേക്ക് മാറ്റുക എന്നീ നിർദ്ദേശങ്ങളാണ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയിരുന്നത്. എന്നാൽ ഭൂമി ഏറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാറിന് സാധിച്ചില്ല. ഈ സഹചര്യത്തിൽ റൺവേ നീളം 2540 മീറ്ററായി ചുരുക്കുന്നതിനുള്ള നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് ഡയറക്ടർക്ക് 2022 സെപ്തംബറിലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ ഡയറക്ടർ കത്തിന് മറുപടി നൽകിയില്ല. എന്നാൽ ഇനിയും ഇക്കാര്യത്തിൽ കാത്തിരിക്കാനാകില്ലെന്നും റൺവേ നീളം കുറച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടു ദിവസം മുമ്പ് വീണ്ടും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വീണ്ടും കത്ത് നൽകി. ഭൂമി ഏറ്റെടുത്ത് നൽകാത്തതിൽ അതൃപ്തി അറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പ് ഭൂമി ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേ നീളം കുറക്കുമെന്ന് അറിയിച്ച് ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. കേന്ദ്രം ആവശ്യപ്പെട്ട സമയത്തിനകം ഭൂമി ഏറ്റെടുത്ത് നൽകുമെന്ന് സംസ്ഥാന സർക്കാറും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് റൺവേ നീളം കുറക്കാൻ ആവശ്യപ്പെട്ട് എയർപ്പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കത്തയച്ചിരിക്കുന്നത്.