ദോഹ:2023 ന്റെ ആദ്യ പകുതിയിൽ ഇരുപത് ലക്ഷത്തിലധികം സന്ദർശകർ ഖത്തറിലെത്തിയതായി ഖത്തർ ടൂറിസത്തെ ഉദ്ധരിച്ച് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്താരാഷ്ട്ര സന്ദർശകർ എത്തിയത് സൗദിയിൽ നിന്നാണ്. ഇന്ത്യയും ജർമനിയുമാണ് സന്ദർശകരുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഖത്തറിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ആകർഷകമായ പരിപാടികളുമാണ് രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിച്ചത്. സജീവമായ ഖത്തറിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൂടാതെ രാജ്യത്തിന്റെ കലണ്ടർ എല്ലായ്‌പ്പോഴും ഇവന്റുകൾ, ഉത്സവങ്ങൾ, അതുല്യമായ വിനോദസഞ്ചാര അനുഭവങ്ങൾ എന്നിവയാൽ നിറയുകയും ഖത്തർ അറിയപ്പെടുന്ന ആധികാരിക അറബ് ഹോസ്പിറ്റാലിറ്റിയാൽ നയിക്കപ്പെടുകയും ചെയ്യുമ്പോൾ ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഖത്തർ ടൂറിസം പ്രസ്താവന പ്രകാരം, 2023 ലെ അന്താരാഷ്ട്ര വരവ് ഇതുവരെ കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടിയായി. 2023 ന്റെ ആദ്യ പകുതിയിൽ ഖത്തറിലേക്കുള്ള സന്ദർശകരിൽ 51 ശതമാനവും വിമാനമാർഗം എത്തിയവരാണെന്നും കരയിലൂടെയും കടൽ വഴിയും എത്തിയവർ മൊത്തം കണക്കുകളുടെ യഥാക്രമം 37 ശതമാനവും 12 ശതമാനവും ആണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകർ ഈ വർഷത്തെ അന്താരാഷ്ട്ര സന്ദർശകരുടെ ഏറ്റവും മികച്ച ഉറവിട വിപണിയായി തുടരുന്നു. ഏകദേശം 25 ശതമാനം സന്ദർശകരും സൗദിയിൽ നിന്നായിരുന്നു. ഖത്തർ ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് മെയ്, ജൂൺ മാസങ്ങളിലായിരുന്നു. 5,67,000 പേരാണ് ഈ മാസങ്ങളിൽ ഖത്തറിലെത്തിയത്.
ഖത്തർ ടൂറിസത്തിന്റെ ‘ഫീൽ മോർ ഇൻ ഖത്തർ’ കാമ്പയിൻ സന്ദർശകരുടെ വരവ് ഗണ്യമായി വർധിക്കുവാൻ കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. ഫീൽ മോർ ഇൻ ഖത്തർ’ കാമ്പയിൻ പ്രധാന വിപണികളിലുടനീളം പ്രമോട്ട് ചെയ്യപ്പെട്ടത് വിവിധ തലങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചു. കൂടാതെ പെരുന്നാളിനോടനുബന്ധിച്ചും അല്ലാതെയും രാജ്യത്തുടനീളം അരങ്ങേറിയ ലോകോത്തര പരിപാടികളും സന്ദർശക പ്രവാഹത്തിന് കാരണമായി.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസികമായ വിജയം ഖത്തറിന്റെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ നിറം പകർന്നു. ലോകകപ്പ് സൃഷ്ടിച്ച ഊർജസ്വലമായ അന്തരീക്ഷം ഖത്തറിലേക്ക് നിരവധി പേരെയാണ് ആകർഷിക്കുന്നത്. തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകുന്ന സൗജന്യമായ ഓൺ അറൈവൽ വിസയും നിലവിലുള്ള കാർഡ് ഉടമകൾക്കായി ഹയ്യയുടെ കാലാവധി നീട്ടിയതും ഹയ്യ പ്ലാറ്റ്‌ഫോമിന്റെ വിപുലീകരണവും വിസ ആവശ്യമുള്ള സന്ദർശകർക്ക് എളുപ്പവും തടസ്സങ്ങളില്ലാത്തതുമായ പ്രവേശന പ്രക്രിയ അനായാസമാക്കി.
ഖത്തർ എയർവേയ്സിന്റെ മികച്ച നെറ്റ് വർക്കും ലോകോത്തര സേവനങ്ങളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉയർന്ന സൗകര്യങ്ങളും ടൂറിസം പ്രക്രിയയെ ഉത്തേജിപ്പിച്ച ഘടകങ്ങളാണ്.