ഒന്നാം സ്ഥാനത്ത് ചൈന
ജിദ്ദ- സൗദിയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് 5,68,461 കാറുകൾ. അമേരിക്ക, ചൈന, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇത്രയും കാറുകൾ ഇറക്കുമതി ചെയ്തത്.
കാർ ഇറക്കുമതിയിൽ മറ്റു രാജ്യങ്ങളെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തി. വിലക്കുറവാണ് ചൈനീസ് കാറുകളിലേക്ക് ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കുന്നത്. ചൈനീസ് കാറുകളുടെ വില തങ്ങൾക്ക് താങ്ങാവുന്നതാണെന്ന് പലരും കരുതുന്നു. കഴിഞ്ഞ വർഷം സൗദിയിലേക്ക് ഇറക്കുമതി ചെയ്ത കാറുകളിൽ 42 ശതമാനവും ചൈനയിൽ നിന്നായിരുന്നു. ചൈനയിൽ നിന്ന് 2,38,744 കാറുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്ത് ജപ്പാനാണ്.
കാർ ഇറക്കുമതിയുടെ 28 ശതമാനം ജപ്പാനിൽ നിന്നായിരുന്നു. ജപ്പാനിൽ നിന്ന് 1,58,232 കാറുകൾ ഇറക്കുമതി ചെയ്തു. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയിൽ നിന്ന് 84,157 കാറുകളും നാലാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് 63,507 കാറുകളും അഞ്ചാം സ്ഥാനത്തുള്ള ജർമനിയിൽ നിന്ന് 23,821 കാറുകളും ഇറക്കുമതി ചെയ്തു. കാർ ഇറക്കുമതിയുടെ 15 ശതമാനം ദക്ഷിണ കൊറിയയിൽ നിന്നും 11 ശതമാനം അമേരിക്കയിൽ നിന്നും നാലു ശതമാനം ജർമനിയിൽ നിന്നുമായിരുന്നു.
2021 ൽ സൗദിയിൽ കാർ വിലകൾ ഒരു ശതമാനം തോതിൽ വർധിച്ചിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് സൗദിയിൽ കാർ വിലകൾ ഉയരുന്നത്. 2016, 2017, 2018 വർഷങ്ങളിൽ രാജ്യത്ത് കാർ വിലകൾ യഥാക്രമം 4.5 ശതമാനവും 2.6 ശതമാനവും 0.5 ശതമാനവും തോതിൽ കുറഞ്ഞിരുന്നു. ഇതിനു ശേഷമുള്ള മൂന്നു വർഷങ്ങളിലും കാർ വിലകൾ ഉയർന്നു. 2018 മധ്യം മുതൽ വനിതകളെ വാഹനമോടിക്കാൻ സൗദി അറേബ്യ അനുവദിച്ചത് പിന്നീടുള്ള മൂന്നു വർഷങ്ങളിലും രാജ്യത്ത് കാറുകൾക്കുള്ള ആവശ്യം വർധിക്കാൻ ഇടയാക്കിയെന്നാണ് കരുതുന്നത്.
2021 ൽ സൗദി അറേബ്യ 5,62,000 കാറുകൾ ഇറക്കുമതി ചെയ്തിരുന്നു. 2020 ൽ കാർ ഇറക്കുമതി 5,46,000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് 2021 ൽ കാർ ഇറക്കുമതി 2.9 ശതമാനം തോതിൽ വർധിച്ചു. പഴയ കാറുകളും മൂന്നര ടണ്ണിൽ കൂടുതൽ ഭാരമില്ലാത്ത മിനി ബസുകളും മിനി ലോറികളും സൗദിയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്ക് അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. മൂന്നര ടണ്ണിൽ കൂടുതൽ ഭാരമുള്ള, പത്തു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഹെവി ലോറികളും സൗദിയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്.