ജിദ്ദ:പുതിയ അധ്യയന വർഷാരംഭം മുതൽ സ്വകാര്യ സ്‌കൂളുകളിൽ ദേശീയ ഐഡന്റിറ്റി വിഷയങ്ങളിൽ (അറബിക്, സാമൂഹികശാസ്ത്രം, മതം) അധ്യാപക തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. സൗദിവൽക്കരണ പ്രക്രിയ വിജയിപ്പിക്കാൻ ഒരുകൂട്ടം പ്രോത്സാഹനങ്ങൾ മന്ത്രാലയം നൽകും. സ്വദേശി അധ്യാപകരെ റിക്രൂട്ട് ചെയ്യാനുള്ള പിന്തുണ, അനുയോജ്യരായ അധ്യാപകർക്കു വേണ്ടിയുള്ള അന്വേഷണം, പരിശീലനങ്ങൾക്കുള്ള പിന്തുണ, പുതുതായി ജോലിയിൽ നിയമിക്കുന്ന സ്വദേശി അധ്യാപകരുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് വഹിക്കൽ എന്നിവ അടക്കമുള്ള പ്രോത്സാഹനങ്ങളാണ് നൽകുക. സൗദിവൽക്കരണത്തിന് നിലവിൽ ലഭ്യമായ പ്രോത്സാഹനങ്ങളും പിന്തുണകളും പ്രയോജനപ്പെടുത്താൻ മുൻഗണന നൽകും.
അറിയപ്പെടുന്ന ഏജൻസികളും സ്ഥാപനങ്ങളും അംഗീകരിച്ച പാഠ്യപദ്ധതികൾ നടപ്പാക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനം വികസിപ്പിക്കൽ, സ്വകാര്യ സ്‌കൂളുകൾക്ക് ബാധകമാക്കിയ സൗദിവൽക്കരണ നയം പഠിക്കൽ, സൗദിവൽക്കരണ ലക്ഷ്യം സാക്ഷാൽക്കരിക്കൽ ഉറപ്പാക്കും വിധം സ്വദേശിവൽക്കരണ നയം പരിഷ്‌കരിക്കൽ, തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥിതിഗതികൾ, വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളിൽ സ്വദേശികളെ ഉൾക്കൊള്ളാനുള്ള സ്വകാര്യ മേഖലയുടെ ശേഷി എന്നിവയെല്ലം പരിഗണിച്ചാണ് സ്വകാര്യ സ്‌കൂളുകളിൽ ഏതാനും വിഷയങ്ങളിൽ അധ്യാപക തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
സെക്കണ്ടറി സ്‌കൂളുകളിൽ ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകർ, അറബിക് അധ്യാപകർ, സാമൂഹിക ശാസ്ത്ര അധ്യാപകർ, ഇന്റർമീഡിയറ്റ് സ്‌കൂളുകളിൽ ഇസ്‌ലാമിക് എജ്യുക്കേഷൻ അധ്യാപകർ, സാമൂഹിക ശാസ്ത്ര അധ്യാപകർ, അറബിക് അധ്യാപകർ, എലിമെന്ററി സ്‌കൂളുകളിൽ സാമൂഹികശാസ്ത്രം, അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ് അധ്യാപകർ എന്നീ തസ്തികകളിലാണ് സ്വകാര്യ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷാരംഭം മുതൽ 50 ശതമാനം സൗദിവൽക്കരണം പാലിക്കേണ്ടത്.