മദീന:പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി മദീനയിലും ജിസാനിലും ഏതാനും തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായും മദീന, ജിസാന്‍ ഗവര്‍ണറേറ്റുകളുമായും സഹകരിച്ചാണ് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ട് ഇരു പ്രവിശ്യകളിലും ഏതാനും തൊഴിലുകള്‍ സൗദിവല്‍ക്കരിച്ചത്.
മദീനയില്‍ റെസ്റ്റോറന്റുകള്‍, വിരുന്നുകള്‍ക്കും മറ്റും ഭക്ഷണം തയാറാക്കി നല്‍കുന്ന ഹോട്ടലുകള്‍ (മത്ബഖ്), ഫാസ്റ്റ്ഫുഡ് കടകള്‍, ജ്യൂസ് കടകള്‍ എന്നീ സ്ഥാപനങ്ങളില്‍ 40 ശതമാനവും കോഫി ഷോപ്പുകളിലും, ഐസ്‌ക്രീം കടകളില്‍ കോഫി വിതരണ മേഖലയിലും 50 ശതമാനവും സൗദിവല്‍ക്കരണം പാലിക്കല്‍ നിര്‍ബന്ധമാണ്. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും മൊത്തമായി വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ 50 ശതമാനം സൗദിവല്‍ക്കരണം പാലിക്കണം. മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ ശുചീകരണ, കയറ്റിറക്ക് തൊഴിലാളികളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം തൊഴിലാളികള്‍ ആകെ ജീവനക്കാരുടെ 20 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
മദീന പ്രവിശ്യയില്‍ കഫ്റ്റീരിയകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കാറ്ററിംഗ് കരാറുകാര്‍, ഫാക്ടറികളിലെയും ഓഫീസുകളിലെയും ആശുപത്രികളിലെയും സ്‌കൂളുകളിലെയും കഫ്റ്റീരിയകള്‍, കാന്റീനുകള്‍, ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും ഹോട്ടല്‍ വില്ലകള്‍ക്കും അകത്ത് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍-കോഫി ഷോപ്പുകള്‍ എന്നീ സ്ഥാപനങ്ങളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.