ജിദ്ദ:സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു വർഷത്തിനിടെ 6,000 ലൈസൻസുകൾ അനുവദിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മൗസൂഖ് ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർ ഇഅ്‌ലാം പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമർപ്പിക്കുകയും മൂന്നു വർഷത്തേക്ക് 15,000 റിയാൽ ഫീസ് അടക്കുകയും വേണം.
ഒരു വർഷം മുമ്പാണ് സാമൂഹികമാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നവർക്ക് മൗസൂഖ് ലൈസൻസ് നിർബന്ധമാക്കിയത്. ഇതിനു ശേഷം 20,000 ഓളം ലൈസൻസ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 6,000 അപേക്ഷകളിൽ ലൈസൻസുകൾ അനുവദിച്ചു. 100 അപേക്ഷകൾ നിരാകരിച്ചു. ശേഷിക്കുന്ന അപേക്ഷകളിൽ രേഖകൾ പൂർണമായിരുന്നില്ല. അപേക്ഷകർ ഫീസുകളും അടച്ചിരുന്നില്ല. മൗസൂഖ് ലൈസൻസ് ലഭിക്കാൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തികൾ പരസ്യ ഉള്ളടക്കങ്ങൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മറ്റു വ്യവസ്ഥകളും കമ്മീഷൻ പുറപ്പെടുവിക്കുന്ന നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്.
ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ ആവശ്യപ്പെടുന്ന പക്ഷം യാതൊരു വിയോജിപ്പും കൂടാതെ തൽക്ഷണം പരസ്യം നിർത്തിവെക്കണമെന്നും വ്യവസ്ഥയുണ്ട്. കമ്മീഷനിൽ രജിസ്റ്റർ ചെയ്ത, ലൈസൻസുമായി ബന്ധിപ്പിച്ച സാമൂഹികമാധ്യമ അക്കൗണ്ടു വഴി മാത്രമേ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പാടുള്ളൂ. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകളും അനുമതികളും ലഭിച്ച ശേഷം മാത്രമേ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ മേഖലയിൽ പ്രവർത്തിക്കുകയുള്ളൂ എന്നതിന് വിദേശികൾ രേഖാമൂലം ഉറപ്പുനൽകണമെന്നും വ്യവസ്ഥയുണ്ട്.
ലൈസൻസ് അപേക്ഷകരുടെ ചില പരസ്യ ഉള്ളടക്കങ്ങൾ ശരിയാക്കാനും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളെ കുറിച്ച പരാതികൾ കുറയാനും മൗസൂഖ് സേവനം സഹായിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വക്താവ് ഉമർ അബൂബക്കർ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മൗസൂഖ് ലൈസൻസ് നിർബന്ധമാക്കിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇതിനു ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ സമർപ്പിക്കുന്ന പരസ്യങ്ങളെ കുറിച്ച പൊതുജനങ്ങളുടെ പരാതികൾ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നും ഉമർ അബൂബക്കർ പറഞ്ഞു.