ജിദ്ദ:വേനല്‍ക്കാല സീസണില്‍ യാത്രക്കാരില്‍ നിന്നുള്ള വലിയ ആവശ്യം മുന്നില്‍ കണ്ട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സൗദിയയില്‍ ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ 74 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനയുണ്ട്. രണ്ടു മാസക്കാലത്ത് സൗദിയ 32,400 ലേറെ സര്‍വീസുകള്‍ നടത്തും. സര്‍വീസുകളുടെ എണ്ണത്തില്‍ നാലു ശതമാനം വര്‍ധനയുണ്ട്.
രണ്ടു മാസക്കാലത്ത് അന്താരാഷ്ട്ര സര്‍വീസുകളില്‍ 42 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭ്യമാകും. അന്താരാഷ്ട്ര സര്‍വീസുകളിലെ സീറ്റുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 14,800 ലേറെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തും. സര്‍വീസുകളുടെ എണ്ണം 15 ശതമാനം തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ആഭ്യന്തര സെക്ടറില്‍ 17,600 സര്‍വീസുകളില്‍ 32 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭ്യമാകുമെന്നും സൗദിയ പറഞ്ഞു.