കോഴിക്കോട്: കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതിന്റെ ഭാഗമായി കോഴിക്കോട് കേന്ദ്രത്തിൽ അപ്പോയ്ന്റ്മെന്റ് സ്വീകരിച്ച് തുടങ്ങി. ജൂലൈ 10 മുതൽ വിസ സ്റ്റാമ്പിങ് നടപടികൾക്കായി കോഴിക്കോട് കേന്ദ്രത്തിൽ ഇപ്പോൾ അപ്പോയ്ന്റ്മെന്റ് സ്വീകരിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം മുതലാണ് സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമാകുന്ന തരത്തിൽ കോഴിക്കോട് കേന്ദ്രത്തിലേക്ക് അപ്പോയ്ന്റ്മെന്റ് സ്വീകരിച്ച് തുടങ്ങിയത്. ഇന്ന് മുതൽ വിസ അപ്പോയിന്റെമെന്റ്റ് എടുക്കുന്ന അവസരത്തിൽ കൊച്ചിക്ക് പുറമെ കോഴിക്കോട് കേന്ദ്രത്തിലേക്കും ജൂലൈ പത്ത് മുതൽ സ്ലോട്ടുകൾ ലഭ്യമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് കേന്ദ്രം വരുന്നതോടെ മലബാർ മേഖലയിൽ നിന്ന് നിലവിലെ വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാകും. കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ വരണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. സെൻട്രൽ ആർക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന അഡ്രസിലാണ് കോഴിക്കോട് വി എഫ് എസ് കേന്ദ്രം പ്രവർത്തിക്കുന്നത്.
കോഴിക്കോട് സെന്ററിൽ എടുത്ത അപ്പോയിന്മെന്റ്
നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സഊദി മിഷൻ ഉള്ളത്. മുംബൈക്ക് കീഴിൽ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളിൽ ആണ് വി എഫ് എസ് കേന്ദ്രങ്ങൾ ഉള്ളത്. ഇതിനു പുറമെയാണ് കോഴിക്കോട് കേന്ദ്രവും കൂടി തുറന്നത്.
സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമാണ് കോൺസുലേറ്റ് സ്വീകരിക്കുന്നത്.
മാത്രമല്ല, അപേക്ഷകർ വി എഫ് എസ് കേന്ദ്രത്തിൽ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ഇത് വരെ കൊച്ചിയിലെ കേന്ദ്രത്തിലെത്തി നടപടികൾ കൈകൊള്ളുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലായിരുന്നു. എന്നാൽ, ഇനി മുതൽ മലബാർ ഭാഗങ്ങളിൽ ഉള്ളവർക്ക് കോഴിക്കോട് കേന്ദ്രം ഏറെ ആശ്വാസമാകും.