ജിദ്ദ:പ്രതിദിന എണ്ണയുല്‍പാദനത്തില്‍ പത്തു ലക്ഷം ബാരലിന്റെ വീതം കുറവ് സ്വയം വരുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് അടുത്ത മാസവും സൗദി അറേബ്യ തുടരുമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഈമാസാദ്യം മുതലാണ് സൗദി അറേബ്യ പ്രതിദിന ഉല്‍പാദനത്തില്‍ പത്തു ലക്ഷം ബാരലിന്റെ വീതം കുറവ് സ്വമേധയാ വരുത്തിയത്. ഒരു മാസത്തേക്ക് ഉല്‍പാദനം വെട്ടിക്കുറക്കുമെന്നാണ് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നത്. ഇതാണിപ്പോള്‍ ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം അടുത്ത മാസം സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുല്‍പാദനം 90 ലക്ഷം ബാരലിനടുത്താകും.
ഉല്‍പാദനം സ്വമേധയാ വെട്ടിക്കുറക്കാനുള്ള തീരുമാനം കഴിഞ്ഞ ഏപ്രിലില്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം അടുത്ത വര്‍ഷാവസാനം വരെ ഉല്‍പാദനം കുറക്കുന്നത് തുടരും. ഇതിനു പുറമെയാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതിദിന ഉല്‍പാദനത്തില്‍ പത്തു ലക്ഷം ബാരലിന്റെ വീതം കുറവ് സ്വമേധയാ വരുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനം. എണ്ണ വിപണികളില്‍ സ്ഥിരതയും സന്തുലനവുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ക്ക് കരുത്തുപകരുന്നതിന്റെ ഭാഗമായാണ് എണ്ണയുല്‍പാദനത്തില്‍ സ്വമേധയാ അധിക കുറവ് വരുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനമെന്ന് ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.