മക്ക:ഈ വർഷത്തെ ഹജ് റിപ്പോർട്ട് ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് ഇഅ്‌ലാം പ്ലാറ്റ്‌ഫോം വഴി ലൈസൻസുകൾ വിതരണം ചെയ്തതായി ഇൻഫർമേഷൻ മന്ത്രാലയത്തിലെ ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. 1200 മാധ്യമപ്രവർത്തകർക്കും 81 ടി.വി ചാനലുകൾക്കും 25 മീഡിയ പ്രൊഡക്ഷൻ കമ്പനികൾക്കും 13 റേഡിയോകൾക്കും 52 പത്രങ്ങൾക്കും 52 അന്താരാഷ്ട്ര ന്യൂസ് ഏജൻസികൾക്കും ലൈസൻസ് അനുവദിച്ചു.
കഴിഞ്ഞ ദുൽഖഅ്ദ മാസത്തിലായിരുന്നു ഇഅ്‌ലാം വഴി അപേക്ഷകൾ ക്ഷണിച്ചിരുന്നത്. ഫീൽഡിൽ നിന്ന് ചിത്രമെടുക്കാനുള്ള അനുമതി, സൗദിയിലേക്ക് മീഡിയ ഉപകരണങ്ങൾ കൊണ്ടുവരാനുള്ള അനുമതി, പുണ്യസ്ഥലങ്ങളിൽ താത്കാലിക സ്റ്റുഡിയോകൾ ഒരുക്കുന്നതിനുള്ള അനുമതി, തത്സമ സംപ്രേഷണ വാഹനങ്ങൾക്ക് പ്രവേശനാനുമതി തുടങ്ങിയവയെല്ലാം ഇഅ്‌ലാം വഴിയാണ് നൽകുന്നത്. ഇതിനകം 580 മാധ്യമപ്രവർത്തകരാണ് എത്തിയത്. ഇവർക്ക് ഹജ് വാർത്തയുമായി ബന്ധപ്പെട്ട പ്രത്യേക വർക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. 2771 മീഡിയ ഉപകരണങ്ങളാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിദേശത്ത് നിന്നെത്തിയത്. മീഡിയ അനുമതി ഇഅ്‌ലാം പ്ലാറ്റ്‌ഫോം വഴി ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്നും അതോറ്റിറ്റി അറിയിച്ചു