മക്ക:ഹജ് സീസണിൽ തീർഥാടകരുടെ ജലയാവശ്യം നിറവേറ്റാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സമുദ്രജല ശുദ്ധീകരണ കോർപറേഷൻ അറിയിച്ചു. മക്കയിലേക്കും മദീനയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൂടുതൽ വെള്ളം പമ്പ് ചെയ്യാൻ സമുദ്രജല ശുദ്ധീകരണ ശേഷി ഉയർത്തിയിട്ടുണ്ട്. ഇത്തവണത്തെ ഹജ് സീസണിൽ മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും പൈപ്പ്‌ലൈനുകൾ വഴി 7.85 കോടി ഘനമീറ്ററിലേറെ ശുദ്ധീകരിച്ച സമുദ്രജലം പമ്പ് ചെയ്യും. ഹജ് സീസണിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സ്ട്രാറ്റജിക് ജലസംഭരണികളുടെ ശേഷി ഈ വർഷം റെക്കോർഡ് നിലയിൽ ഉയർത്തിയിട്ടുണ്ട്. മക്കയിലെ സ്ട്രാറ്റജിക് ജലസംഭരണികളുടെ ശേഷി 63 ലക്ഷം ഘനമീറ്ററായാണ് ഉയർത്തിയിരിക്കുന്നത്. പുതുതായി നിർമിച്ച മഗ്മസിലെ നാലു ജലസംഭരണികൾ ഇത്തവണ ആദ്യമായി പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇവയുടെ ആകെ ശേഷി 6,80,000 ഘനമീറ്ററാണ്.
കൂറ്റൻ ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണ പ്ലാന്റുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ശുഅയ്ബ, യാമ്പു സമുദ്രജല ശുദ്ധീകരണശാലകളിൽ നിന്നുള്ള ശുദ്ധീകരിച്ച സമുദ്രജലത്തിന്റെ അളവ് വർധിച്ചിട്ടുണ്ട്. സമുദ്രജല ശുദ്ധീകരണ കോർപറേഷനും ബഹ്‌രി കമ്പനിയും സഹകരിച്ചാണ് ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണ പ്ലാന്റുകൾ ആരംഭിച്ചിരിക്കുന്നത്. മൂന്നു ഫ്‌ളോട്ടിംഗ് പ്ലാന്റുകൾക്ക് പ്രതിദിനം ആകെ ഒന്നര ലക്ഷം ഘനമീറ്റർ സമുദ്രജലം ശുദ്ധീകരിക്കാൻ ശേഷിയുണ്ട്. ഓരോ പ്ലാന്റുകളും പ്രതിദിനം അര ലക്ഷം ഘനമീറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നു. ആവശ്യാനുസരണം വ്യത്യസ്ത സൈറ്റുകളിൽ എത്തിക്കാമെന്നത് ഫ്‌ളോട്ടിംഗ് പ്ലാന്റുകളുടെ സവിശേഷതയാണ്. ഫ്‌ളോട്ടിംഗ് പ്ലാന്റുകൾക്ക് 20,000 ചതുരശ്രമീറ്റർ വലിപ്പമുണ്ട്. റിവേഴ്‌സ് ഓസ്‌മോസിസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റുകൾ പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ചെലവ് കുറഞ്ഞവയും കാര്യക്ഷമത കൂടിയവയുമാണെന്ന് സമുദ്രജല ശുദ്ധീകരണ കോർപറേഷൻ പറഞ്ഞു.