ദുബായ്- ചെക്ക് കേസ് പ്രതികളായ രണ്ടു പേർക്ക് ദുബായ് അപ്പീൽ കോടതി 3000 ദിർഹം വീതം പിഴ ചുമത്തി. വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്ത 32,500 ദിർഹം പ്രതികൾ തിരികെ നൽകണമെന്നും വിധിയുണ്ട്. ഏഷ്യൻ വംശജനാണ് തട്ടിപ്പിനിരയായത്. അൽപ സമയത്തിനു ശേഷം ഓട്ടോമാറ്റിക് ആയി മാഞ്ഞു പോകുന്ന പ്രത്യേക തരം മഷി ഉപയോഗിച്ച് മുഖ്യപ്രതി പരാതിക്കാരനു മുന്നിൽ വെച്ച് എഴുതിയ ചെക്കിൽ മഷി ഉണങ്ങിയ ശേഷം മറ്റൊരാളുടെ പേര് എഴുതി ഇരയുടെ അക്കൗണ്ടിൽ നിന്ന് 32,500 ദിർഹം പിൻവലിക്കുകയായിരുന്നു.
വ്യാജ ചെക്ക് കേസിൽ പ്രതികളെ ദുബായ് ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കിയെങ്കിലും വിചാരണ കോടതി വിധി റദ്ദാക്കിയ അപ്പീൽ കോടതി ഇരുവരെയും ശിക്ഷിക്കുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പക്ക് ശ്രമിച്ച ഏഷ്യൻ വംശജനെയാണ് പ്രതികൾ കബളിപ്പിച്ചത്. വ്യവസ്ഥകൾ പൂർണമല്ലാത്തതിനാൽ വായ്പാ അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നു. ഇതിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോണിൽ ബന്ധപ്പെട്ട ഏഷ്യൻ വംശജനായ മുഖ്യ പ്രതി പ്രശ്‌നങ്ങൾ തീർത്ത് ലോൺ ശരിയാക്കി നൽകാമെന്ന് അറിയിക്കുകയായിരുന്നു. ലോൺ ലഭിക്കാൻ മൂന്നിലൊന്ന് തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യണമെന്ന് മുഖ്യപ്രതി നിർദേശിച്ചതു പ്രകാരമാണ് പരാതിക്കാരൻ പരിചയക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും സമാഹരിച്ച 34,000 ദിർഹം ബാങ്കിൽ അടച്ചത്.
ബാങ്കിൽ നിന്ന് 90,000 ദിർഹം ലോൺ ലഭിക്കുമെന്നും ഇതിന് ഗ്യാരണ്ടിയെന്നോണം ഇത്രയും തുകയുടെ ബ്ലാങ്ക് ചെക്ക് ബാങ്കിന്റെ പേരിൽ ഒപ്പിട്ടു നൽകണമെന്നും ബാങ്കിനു പുറത്തു വെച്ച് ഇരയുമായി കൂടിക്കാഴ്ച നടത്തി പ്രതി പിന്നീട് അറിയിച്ചു. ഇതു പ്രകാരം ഒപ്പിട്ടു നൽകിയ ചെക്കിൽ കൃത്രിമം കാണിച്ചാണ് രണ്ടാം പ്രതിയുടെ സഹായത്തോടെ മുഖ്യപ്രതി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത്. അൽപ സമയത്തിനു ശേഷം ഓട്ടോമാറ്റിക് ആയി മാഞ്ഞു പോകുന്ന പ്രത്യേക തരം മഷിയുള്ള പേന ഉപയോഗിച്ച് ചെക്കിൽ പേരു വിവരങ്ങളും മറ്റും രേഖപ്പെടുത്തിയ ശേഷം ഒപ്പുവെക്കാൻ അതേ നിറത്തിലുള്ള മഷിയുള്ള സാദാ പേന നൽകിയാണ് മുഖ്യപ്രതി തട്ടിപ്പ് നടത്തിയത്. ചെക്കിൽ പിന്നീട് രണ്ടാം പ്രതിയുടെ പേര് എഴുതിച്ചേർത്ത് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ഇതിന് രണ്ടാം പ്രതിക്ക് മുഖ്യപ്രതി 500 ദിർഹം നൽകുകയുമായിരുന്നു.