മക്ക – പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശക്കുന്നതിനുള്ള വിലക്ക് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പാക്കാന്‍ തുടങ്ങിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ദുല്‍ഹജ് അഞ്ചിന് പുലര്‍ച്ചെ മുതല്‍ ദുല്‍ഹജ് 13 അവസാനിക്കുന്നതു വരെയാണ് പ്രത്യേക പെര്‍മിറ്റില്ലാത്ത വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്നതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 50,000 റിയാല്‍ വരരെ പിഴയും ശിക്ഷ ലഭിക്കും.
കടത്താന്‍ ശ്രമിക്കുന്ന നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്താന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ നിയമ നടപടികളിലൂടെ കണ്ടുകെട്ടുകയും ചെയ്യും. അനധികൃത ഹാജിമാരെ കടത്താന്‍ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. പുതിയ വിസകളില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും ഹജ് സുരക്ഷാ സേന പറഞ്ഞു