ജിദ്ദ:കഴിഞ്ഞ വർഷം 2,47,15,307 പേർ ഉംറ കർമവും 9,26,062 പേർ ഹജ് കർമവും നിർവഹിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഉംറ തീർഥാടകരിൽ 95,17,829 പേർ ഒറ്റത്തവണ ഉംറ കർമം നിർവഹിക്കാൻ എത്തിയവരായിരുന്നു. വിദേശങ്ങളിൽനിന്ന് 83,72,429 ഉംറ തീർഥാടകർ എത്തി. ഇതിൽ 37,00,785 പേർ (44.2 ശതമാനം) പുരുഷന്മാരും 46,71,644 പേർ (55.8 ശതമാനം) വനിതകളുമായിരുന്നു.
സൗദി അറേബ്യക്കകത്തു നിന്നുള്ള 1,63,42,878 പേർ ഉംറ നിർവഹിച്ചു. ഇതിൽ 66,42,881 പേർ (40.65 ശതമാനം) സൗദികളും 96,99,997 പേർ വിദേശികളുമായിരുന്നു. ആഭ്യന്തര തീർഥാടകരിൽ 1,10,33,994 പേർ (67.52 ശതമാനം) പുരുഷന്മാരും 53,08,884 പേർ (32.48 ശതമാനം) വനിതകളുമായിരുന്നു. ഏപ്രിലിലാണ് ഏറ്റവുമധികം പേർ ഉംറ നിർവഹിച്ചത് -54,79,637. ആഭ്യന്തര തീർഥാടകരിൽ കൂടുതൽ പേർ മക്ക പ്രവിശ്യ നിവാസികളായിരുന്നു- 1,02,70,637.
ഹജ് തീർഥാടകരിൽ 7,81,409 പേർ (84.4 ശതമാനം) വിദേശങ്ങളിൽ നിന്നെത്തിയവരും 1,44,653 പേർ (15.6 ശതമാനം) സൗദി അറേബ്യക്കകത്തു നിന്നുള്ളവരുമായിരുന്നു. ആഭ്യന്തര തീർഥാടകരിൽ 77,776 പേർ പുരുഷന്മാരും 66,877 പേർ വനിതകളുമായിരുന്നു. വിദേശങ്ങളിൽ നിന്നെത്തിയവരിൽ 4,21,999 പേർ പുരുഷന്മാരും 3,59,410 പേർ വനിതകളുമായിരുന്നു. വിദേശ തീർഥാടകരിൽ 94.7 ശതമാനം വിമാന മാർഗവും 4.5 ശതമാനം പേർ കരമാർഗവും 0.8 ശതമാനം പേർ കപ്പലുകളിലുമാണ് എത്തിയത്.
കഴിഞ്ഞ കൊല്ലത്തെ ഹജ് സീസണിൽ സർക്കാർ, സ്വകാര്യ വകുപ്പുകളിൽ നിന്നുള്ള 2,36,897 പേർ സേവനമനുഷ്ഠിച്ചു. ഇതിൽ 73,556 പേർ പൊതുസേവന മേഖലകളിലും 26,392 പേർ മെഡിക്കൽ സേവന മേഖലയിലും 19,421 പേർ ഗതാഗത മേഖലയിലും 3,728 പേർ ടെലികോം മേഖലയിലുമാണ് പ്രവർത്തിച്ചത്. മക്കയിലും മദീനയിലും 22,000 ലേറെ ഹാജിമാർക്ക് എമർജൻസി, അഡ്മിറ്റ് സേവനങ്ങൾ നൽകി. 1,904 ഹാജിമാർക്ക് ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം, ഡയാലിസിസ്, മറ്റു ശസ്ത്രക്രിയകൾ എന്നിവ നടത്തി. ഹജ് തീർഥാടകരും ഹജ് മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരും മക്ക, മദീന നിവാസികളും അടക്കമുള്ളവർക്കിടയിൽ 1,20,423 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തു.
ഹജ് തീർഥാടകരുടെ യാത്രകൾക്ക് 1,309 ബസുകൾ പ്രയോജനപ്പെടുത്തി. ഏഴു കപ്പലുകളിൽ വിദേശ തീർഥാടകർ എത്തി. ഹജ് കാലത്ത് പ്രാദേശിക ടെലികോം കമ്പനികളുടെ സിം കാർഡുകൾ ഉപയോഗിച്ച് മക്കയിലും പുണ്യസ്ഥലങ്ങളിലും ദിവസേന ശരാശരി 30 ലക്ഷം സേവനങ്ങളും വിദേശ സിം കാർഡുകൾ ഉപയോഗിച്ച് 7,20,000 ഓളം സേവനങ്ങളും പ്രയോജനപ്പെടുത്തി. കഴിഞ്ഞ വർഷം 98,826 വിദേശ തീർഥാടകർക്ക് മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിച്ചതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.