റിയാദ്:കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായതായി റിയാദ് റോയൽ കമ്മീഷൻ. രണ്ടാം ഘട്ടത്തിൽ ഒമ്പതു പുതിയ റൂട്ടുകളിലാണ് ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. കൂടാതെ ബസുകൾക്ക് സ്‌പെഷ്യൽ ട്രാക്കുള്ള 11-ാം നമ്പർ റൂട്ട് (കിംഗ് അബ്ദുൽ അസീസ് റോഡ്) ദീർഘിപ്പിച്ചിട്ടുമുണ്ട്. പുതുതായി 223 ബസുകൾ കൂടിയാണ് സർവീസിന് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ റൂട്ടുകളിൽ 500 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ട്.
രണ്ടാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് പദ്ധതിയിൽ സർവീസുകളുള്ള റൂട്ടുകളുടെ എണ്ണം 24 ആയി. ഇവയിൽ ആകെ 1,100 ലേറെ ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ട്. ആകെ 560 ബസുകൾ സർവീസിന് ഉപയോഗിക്കുന്നു. റിയാദ് ബസ് സർവീസ് ശൃംഖലയിൽ ആകെ 1,900 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് ലക്ഷ്യമിടുന്നത്. ഇതിൽ 1,120 കിലോമീറ്റർ ദൂരം ഒന്നും രണ്ടും ഘട്ടങ്ങൾ കവർ ചെയ്യുന്നു. ഈ വർഷാവസാനത്തോടെ ബസ് സർവീസ് ശൃംഖല പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് ശേഷിക്കുന്ന ഘട്ടങ്ങൾ ആരംഭിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
റിയാദിൽ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ്. പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ ശഅ്ബാൻ മാസത്തിൽ ആരംഭിച്ചു. ആദ്യഘട്ടം ആരംഭിച്ചശേഷം ഇതുവരെ 1,80,000 ലേറെ ബസ് സർവീസുകൾ നടത്തിയിട്ടുണ്ട്. ഇവയിൽ 20 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു. തലസ്ഥാന നഗരിയിൽ സ്വകാര്യ വാഹന സഞ്ചാരം കുറക്കാൻ ബസ് സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഗരത്തിൽ ഗതാഗത തിരക്ക് കുറക്കുകയും കാർബൺഡയോക്‌സൈഡ് ബഹിർഗമനം മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറക്കുകയും ചെയ്യും. ഇതിലൂടെ പരിസ്ഥിതി സൗഹൃദ നഗരം എന്നോണം റിയാദിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യും.
ബസ് സർവീസ് പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചതോടെ യാത്ര പ്ലാൻ ചെയ്യലും ടിക്കറ്റ് വാങ്ങലും കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ട് റിയാദ് ബസ് ആപ്പിൽ ഏതാനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം തെരഞ്ഞെടുത്ത റൂട്ടുകളിൽ ബസുകൾ നേരിട്ട് ട്രാക്ക് ചെയ്യാൻ സാധിക്കുന്നതിന് ആപ്പിലെ മാപ്പ് അപ്‌ഡേറ്റ് ചെയ്തു. ടിക്കറ്റുകൾക്കുള്ള പുതിയ ഓപ്ഷനും ആരംഭിച്ചിട്ടുണ്ട്. മൂന്നു ദിവസം, ഏഴു ദിവസം, മുപ്പതു ദിവസം എന്നിങ്ങിനെ ടിക്കറ്റ് കാലാവധി നിർണയിക്കാൻ യാത്രക്കാർക്ക് വ്യത്യസ്ത ഓപ്ഷനുകൾ നൽകുന്ന ഫീച്ചറും പുതുതായി ആരംഭിച്ചിട്ടുണ്ട്. ചില ബസ് സ്റ്റേഷനുകളിലുള്ള ടിക്കറ്റ് ഇഷ്യുയിംഗ് മെഷീനുകൾ വഴിയും റിയാദ് ബസ് ആപ്പ് വഴിയും വ്യത്യസ്ത കാലാവധിയിലുള്ള ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും.