ദോഹ: പ്രവാസികൾക്കും ബിസിനസ് തുടങ്ങാം
പുതിയ കമ്പനി റജിസ്റ്റർ ചെയ്യാൻ ഇനി മന്ത്രാലയങ്ങൾ കയറിയിറങ്ങേണ്ട. റജിസ്‌ട്രേഷൻ ലളിതമാക്കി നവീകരിച്ച ഏകജാലക സംവിധാനത്തിലൂടെ നടപടികൾ പൂർത്തിയാക്കാം. വാണിജ്യ-വ്യവസായ മന്ത്രാലയം, തൊഴിൽ, നീതിന്യായം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങൾ ഒരുമിച്ചു ചേർന്നാണ് കൂടുതൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി കമ്പനി റജിസ്‌ട്രേഷൻ നടപടികൾ എളുപ്പത്തിലാക്കി ഏകജാലക സംവിധാനം നവീകരിച്ചത്.
നിക്ഷേപകർക്ക് കമ്പനി റജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെട്ട മന്ത്രാലയങ്ങളോ അവയുടെ വെബ്‌സൈറ്റുകളോ സന്ദർശിക്കാതെ തന്നെ ഏകജാലകത്തിലൂടെ മുഴുവൻ നടപടികളും പൂർത്തിയാക്കാം. ബിസിനസ് തുടങ്ങാൻ ഇതുവരെ വേണ്ടിയിരുന്നതിനെക്കാൾ നടപടിക്രമങ്ങൾ കുറച്ചു കൊണ്ടാണ് ഏകജാലക സംവിധാനത്തിന്റെ നവീകരണം. ഒറ്റ ദിവസം കൊണ്ട് വാണിജ്യ റജിസ്‌ട്രേഷൻ സ്വന്തമാക്കി ബിസിനസ് തുടങ്ങാം എന്നതാണ് നേട്ടം.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ മാർഗനിർദേശത്തെ തുടർന്നാണ് പുതിയ ഏകജാലക സംവിധാനത്തിന് തുടക്കമിട്ടത്. പ്രാദേശിക, വിദേശ നിക്ഷേപകരെ ആകർഷിക്കാൻ തക്കവിധം രാജ്യത്തിന്റെ ബിസിനസ് പരിസ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
റജിസ്‌ട്രേഷൻ നടപടികളിലെ സുതാര്യത വർധിപ്പിക്കുന്നതിനൊപ്പം നിയമപരമായവ ഉൾപ്പെടെയുള്ള ബിസിനസ് നടപടിക്രമങ്ങൾ സുഗമമാക്കുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. കമ്പനിയുടെ കംപ്യൂട്ടർ കാർഡ് വാണിജ്യ റജിസ്‌ട്രേഷനിലേക്ക് ഓട്ടമാറ്റിക്കായി ചേർക്കാനും ഏകജാലകത്തിലൂടെ കഴിയും.
ഓരോ പുതിയ വാണിജ്യ റജിസ്‌ട്രേഷനുകൾക്കും തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം ഓട്ടമാറ്റിക്കായി ലഭിക്കത്തക്ക വിധമാണ് മന്ത്രാലയവുമായി സേവനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം എന്നിവയുമായുള്ള സഹകരണത്തിലൂടെ മെട്രാഷ് 2 ആപ്ലിക്കേഷനിൽ ഓട്ടമേറ്റഡ് വർക്ക് പെർമിറ്റ് അനുമതികളും ഇലക്ട്രോണിക് കംപ്യൂട്ടർ കാർഡിന്റെ കോപ്പിയും ലഭ്യമാകും.
പുതുതായി തുടങ്ങിയ കമ്പനികൾക്ക് ഏകജാലക സംവിധാനത്തിലെ പുതിയ സേവനങ്ങൾ കൂടുതൽ ഗുണകരമാകും. വിപണിയെ ആകർഷിക്കാനും ആവശ്യമായ തൊഴിൽ വീസകൾ നേടാനും ഇനി എളുപ്പമാകും. സ്റ്റാർട്ടപ്പുകൾക്ക് രൂപീകരണ ഘട്ടത്തിനിടെ തന്നെ വർക്ക് പെർമിറ്റ് നേടാം. റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ സ്വദേശം തിരഞ്ഞെടുക്കാനും നിക്ഷേപകർക്ക് കഴിയുമെന്നതും പുതിയ സേവനങ്ങളുടെ ഗുണഫലങ്ങളാണ്. ഏകജാലക സംവിധാനത്തിന്റെ ലിങ്ക്: https://investor.sw.gov.qa/wps/portal/investors/home/