ജിദ്ദ:ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം 22 ശതമാനമായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ബഹ്റൈനിലും സൗദിയിലുമാണ്. ബഹ്റൈനിൽ 28.3 ഉം സൗദിയിൽ 25.3 ഉം ശതമാനമാണ് സ്വദേശിൽക്കരണം. ഏറ്റവും കുറവ് ഖത്തറിലാണ്. ഖത്തറിൽ 5.7 ശതമാനം മാത്രമാണ് സ്വദേശിവൽക്കരണം. ഒമാനിൽ 21.8 ശതമാനവും കുവൈത്തിൽ 16.3 ശതമാനവുമാണ് സ്വദേശിവൽക്കരണം.
കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ ആകെ തൊഴിലാളികൾ നാലു ശതമാനം തോതിൽ വർധിച്ച് 22.3 ദശലക്ഷമായി. രണ്ടാം പാദത്തിൽ ആകെ ജീവനക്കാർ 21.5 ദശലക്ഷമായിരുന്നു. സ്വദേശി ജീവനക്കാരുടെ എണ്ണം 4.9 ശതമാനം തോതിൽ ഉയർന്ന് 49 ലക്ഷമായി. രണ്ടാം പാദത്തിൽ സ്വദേശി ജീവനക്കാർ 47 ലക്ഷമായിരുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം 3.8 ശതമാനം തോതിൽ വർധിച്ച് 17.4 ദശലക്ഷമായി. രണ്ടാം പാദത്തിൽ വിദേശ തൊഴിലാളികൾ 16.8 ദശലക്ഷമായിരുന്നു.
ഗൾഫ് രാജ്യങ്ങളിലെ ആകെ ജീവനക്കാരിൽ 65.3 ശതമാനം സൗദിയിലാണ്. സൗദിയിൽ 14.6 ദശലക്ഷം ജീവനക്കാരുണ്ട്. കുവൈത്തിൽ 27 ലക്ഷവും ഒമാനിലും ഖത്തറിലും 21 ലക്ഷം വീതവും ബഹ്റൈനിൽ ഒമ്പതു ലക്ഷവും ജീവനക്കാരുണ്ട്. ഗൾഫിലെ ആകെ ജീവനക്കാരിൽ 12 ശതമാനം കുവൈത്തിലും 9.4 ശതമാനം വീതം ഒമാനിലും ഖത്തറിലും 3.9 ശതമാനം ബഹ്റൈനിലുമാണ്.
പാദവാർഷിക അടിസ്ഥാനത്തിലുള്ള കണക്കുകൾ ലഭ്യമല്ലാത്തതിനാൽ യു.എ.ഇയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട കണക്കുകൾ ഇൗ വിവരങ്ങളിൽ ഉൾപ്പെടുന്നില്ല. സൗദിയിലെയും കുവൈത്തിലെയും തൊഴിലാളികളുമായി ബന്ധപ്പെട്ട കണക്കുകളിൽ സുരക്ഷാ, സൈനിക മേഖകളിൽ ജോലി ചെയ്യുന്നവരും സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാത്ത സ്വദേശികളും ഉൾപ്പെടുന്നില്ല.