ജിദ്ദ:എയർബസ് കമ്പനിയിൽ നിന്ന് എ320നിയോ ഇനത്തിൽ പെട്ട 30 വിമാനങ്ങൾ വാങ്ങാൻ സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് പാരീസ് എയർ ഷോക്കിടെ കരാർ ഒപ്പുവെച്ചു. 1,400 കോടിയിലേറെ റിയാലിന്റെ ഇടപാടാണിത്. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ്, ഫ്ളൈ നാസ് ചെയർമാൻ ആയിദ് അൽജുഅയ്ദ്, ഫ്ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന, എയർബസ് ചീഫ് കൊമേഴ്സ്യൽ ഒാഫീസർ ക്രിസ്റ്റ്യൻ ഷരീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എയർബസ് എ320നിയോ ഇനത്തിൽ പെട്ട ഏതാനും പുതിയ വിമാനങ്ങൾ അടുത്തിടെ ഫ്ളൈ നാസ് സ്വീകരിച്ചിരുന്നു. ഇൗ വർഷം എയർബസ് എ320നിയോ ഇനത്തിൽ പെട്ട 19 പുതിയ വിമാനങ്ങൾ ഫ്ളൈ നാസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇൗയിനത്തിൽ പെട്ട 32 വിമാനങ്ങൾ ഫ്ളൈ നാസ് സർവീസിന് ഉപയോഗിക്കുന്നു. ഫ്ളൈ നാസിന് കീഴിൽ ആകെ 49 വിമാനങ്ങളാണുള്ളത്. ഇതിൽ മൂന്നിൽ രണ്ടും എയർബസ് എ320നിയോ ഇനത്തിൽ പെട്ടവയാണ്. എയർബസ് എ320സിയോ ഇനത്തിൽ പെട്ട 13 വിമാനങ്ങളും വീതി കൂടിയ എയർബസ് എ330 ഇനത്തിൽ പെട്ട നാലു വിമാനങ്ങളും ഫ്ളൈ നാസ് സർവീസിന് ഉപയോഗിക്കുന്നു. ആകെ 3,200 കോടി റിയാൽ ചെലവഴിച്ച് എയർബസ് കമ്പനിയിൽ നിന്ന് 120 വിമാനങ്ങൾ വാങ്ങാനുള്ള ഒാർഡറിന്റെ ഭാഗമായാണ് 30 വിമാനങ്ങൾക്കുള്ള പുതിയ കരാർ ഒപ്പുവെച്ചതെന്ന് ഫ്ളൈ നാസ് സി.ഇ.ഒ ബന്ദർ അൽമുഹന്ന പറഞ്ഞു. പുതിയ വിമാനങ്ങൾക്കുള്ള ഒാർഡറുകൾ 250 വിമാനങ്ങളായി ഉയർത്താൻ കമ്പനി ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ദേശീയ വ്യോമയാന തന്ത്രത്തിന് അനുസൃതമായി വളർച്ചാ, വിപുലീകരണ തന്ത്രം നടപ്പാക്കുന്നതുമായി മുന്നോട്ടുപോകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. 2030 ഒാടെ ലോകത്തെ 250 ലേറെ നഗരങ്ങളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കാനും പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയർത്താനും ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. ലോകത്തെ ഏറ്റവും മികച്ച പത്തു ബജറ്റ് വിമാന കമ്പനികളിൽ ഒന്നായി മാറാനാണ് ഫ്ളൈ നാസ് ശ്രമിക്കുന്നതെന്നും ബന്ദർ അൽമുഹന്ന പറഞ്ഞു.
ലോകത്തിലെ ഏറ്റവും പുതിയതും ഇന്ധനക്ഷമതയുള്ളതുമായ ഒറ്റ ഇടനാഴി വിമാനമാണ് എയർബസ് എ320നിയോ. വളർച്ചാ, വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുന്നതോടെ തന്നെ സുസ്ഥിരതാ, പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഫ്ളൈ നാസിന്റെ പ്രകടനം മെച്ചപ്പെടുത്താനും പുതിയ വിമാനനിര സഹായിക്കും. സൗദിയിലും വിദേശങ്ങളിലും ഫ്ളൈ നാസ് സർവീസുള്ള നഗരങ്ങളുടെ എണ്ണം 165 ആയി ഉയർത്താൻ കമ്പനിയുടെ വളർച്ചാ, വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നു. നിലവിൽ സൗദിയിലെയും വിദേശങ്ങളിലെയും 70 ലേറെ നഗരങ്ങളിലേക്ക് ഫ്ളൈ നാസ് സർവീസുകൾ നടത്തുന്നു. 2007 ൽ സ്ഥാപിതമായ ശേഷം ഫ്ളൈ നാസ് വിമാനങ്ങളിൽ ആറു കോടിയിലേറെ പേർ യാത്ര ചെയ്തിട്ടുണ്ട്.