റിയാദ്:സൗദി ഹലാൽ ഉൽപന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കൽ ലക്ഷ്യമിട്ട് സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനി സൗദി പബ്ലിക് ഇൻവസ്റ്റിമെന്റ് ഫണ്ടുമായി തന്ത്രപ്രധാന കരാറിലെത്തി. ഇതനുസരിച്ച് ഹലാൽ പ്രൊഡക്റ്റ് ഡവലപ്‌മെന്റ് കമ്പനി സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയും വിവിധ മേഖലകൡലെ ഉൽപന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റുമായി ബന്ധിപ്പിക്കുകയും മാർക്കറ്റുകൾ കണ്ടെത്തുക, യോഗ്യമായ ഉൽപന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ഹലാൽ മുദ്രകൾ നേടിക്കൊടുക്കുക, ഹലാൽ വിപണിയിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തി പരിപോഷിപ്പിക്കുക തുടങ്ങിയവ സേവനങ്ങൾ നൽകും. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ പൊതുമേഖലാ കമ്പനികളുടെ സഹകരണം വഴി കരാർ ലക്ഷ്യത്തിലെത്തിക്കാനാകുമെന്ന് സൗദി ഫുഡ് ഡവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ഹഫദ് അൽ നിഹൈത്ത് പറഞ്ഞു. രാജ്യത്തെ ഫുഡ് കമ്പനികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിനും അനുഭവ സമ്പത്ത് കൈമാറുന്നതിനും രാജ്യത്തിനകത്തും പുറത്തുമുള്ള ഹലാൽ വിപണിയിലെ സാധ്യതകൾ കണ്ടെത്തി ഉപയോപ്പെടുത്താനും ഹലാൽ ഫുഡ് ഡവലപ്‌മെന്റ് കമ്പനിയുമായുള്ള സഹകരണം വഴി സാധ്യമാകും. അന്താരാഷ്ട്ര തലത്തിൽ ഹലാൽ ഉൽപന്നങ്ങളുടെ കേന്ദ്രസ്ഥാനത്ത് സൗദിവിപണിയെ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫഹദ് അൽ നിഹൈത്ത് പറഞ്ഞു.