ജിദ്ദ – ലോകത്ത് പ്രവാസി തൊഴിലാളികൾ ഏറ്റവുമധികം പണമയക്കുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദിയിലെ പ്രവാസികൾ കഴിഞ്ഞ വർഷം 3,935 കോടി ഡോളറാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. അമേരിക്കയിലെ വിദേശ തൊഴിലാളികൾ കഴിഞ്ഞ കൊല്ലം 7,915 കോടി ഡോളർ സ്വദേശങ്ങളിലേക്ക് അയച്ചു.
മൂന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലാന്റിലെ പ്രവാസികൾ 3,200 കോടി ഡോളറും കഴിഞ്ഞ വർഷം സ്വദേശങ്ങളിലേക്ക് അയച്ചു. നാലാം സ്ഥാനത്തുള്ള ജർമനയിൽ നിന്ന് 2,560 കോടി ഡോളറും ചൈനയിൽ നിന്ന് 1,825 കോടി ഡോളറും കുവൈത്തിൽ നിന്ന് 1,774 കോടി ഡോളറും കഴിഞ്ഞ വർഷം പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയച്ചു. പ്രവാസികൾ ഏറ്റവുമധികം പണമയച്ച രാജ്യങ്ങളുടെ പട്ടികയിൽ ലോകത്ത് ആറാം സ്ഥാനത്തും ഗൾഫിൽ രണ്ടാം സ്ഥാനത്തുമാണ് കുവൈത്ത്. ഈ വർഷം ലോകത്ത് പ്രവാസികൾ അയക്കുന്ന പണം 1.4 ശതമാനം തോതിൽ വർധിച്ച് 65,600 കോടി ഡോളറായി ഉയരുമെന്നാണ് ലോക ബാങ്ക് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം ലോകത്ത് പ്രവാസികൾ വഴി ഏറ്റവുമധികം വിദേശ നാണ്യം ലഭിച്ചത് ഇന്ത്യക്കാണ്. ഇന്ത്യക്കാരായ പ്രവാസികൾ 11,100 കോടി ഡോളർ കഴിഞ്ഞ കൊല്ലം നാട്ടിലേക്കയച്ചു. രണ്ടാം സ്ഥാനത്ത് മെക്‌സിക്കോയും മൂന്നാം സ്ഥാനത്ത് ചൈനയുമാണ്. മെക്‌സിക്കോ പ്രവാസികൾ 6,100 കോടി ഡോളറും ചൈനീസ് പ്രവാസികൾ 5,100 കോടി ഡോളറും സ്വദേശങ്ങളിലേക്ക് അയച്ചു. നാലാം സ്ഥാനത്തുള്ള ഫിലിപ്പിനോ പ്രവാസികൾ 3,805 കോടി ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഫ്രഞ്ചുകാർ 3,004 കോടി ഡോളറും ആറാം സ്ഥാനത്തുള്ള പാക്കിസ്ഥാനികൾ 3,000 കോടി ഡോളറും ഏഴാം സ്ഥാനത്തുള്ള ഈജിപ്തുകാർ 2,833 കോടി ഡോളറും സ്വദേശങ്ങളിലേക്ക് അയച്ചു. അറബ് ലോകത്ത് പ്രവാസികൾ മുഖേനെ ഏറ്റവുമധികം വിദേശ നാണ്യം നേടുന്ന രാജ്യം ഈജിപ്ത് ആണ്.