മിന: വിശുദ്ധ സ്ഥലങ്ങളിലെ തീർഥാടകരുടെ കൂടാരങ്ങളിലേക്കും സർക്കാർ ഏജൻസികളുടെ ഓഫീസുകളിലേക്കും എല്ലാത്തരം വലിപ്പത്തിലുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) പ്രവേശനവും ഉപയോഗവും നിരോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ജൂൺ 19 ന് തുല്യമായ ദുൽ-ഹിജ്ജ മാസത്തിന്റെ ആദ്യ ദിവസം തിങ്കളാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. തീർഥാടക ക്യാമ്പുകളിലെ തീപിടിത്തത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തുന്ന പ്രതിരോധ നടപടികളുടെ ചട്ടക്കൂടിലാണ് തീരുമാനമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
സുരക്ഷാ അധികൃതരുമായി ഏകോപിപ്പിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ചെറിയവ ഉൾപ്പെടെ എല്ലാത്തരം എൽപിജി സിലിണ്ടറുകളും പിടിച്ചെടുക്കുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കൂടാതെ നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളിൽ നിരോധനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസിന്റെ പ്രതിരോധ-സുരക്ഷാ മേൽനോട്ട ടീമുകൾ ഏജൻസികളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും എല്ലാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പരിശോധന നടത്തുന്നുണ്ട്