മക്ക:നഗരത്തിലെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നമസ്കാരം നടത്താൻ ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശം നൽകി. ഇന്നലെ മുതൽ ഹജ് സീസൺ അവസാനിക്കുന്നതു വരെ മക്കയിലെ മുഴുവൻ മസ്ജിദുകളിലും ജുമുഅ നടത്താനാണ് നിർദേശം. വിശുദ്ധ ഹറമിനു സമീപത്തെ ഔദ്യോഗിക ജുമാ മസ്ജിദുകൾക്കു പുറമെ ജുമുഅ നടക്കാത്ത മസ്ജിദുകളിലും ഹജ് സീസൺ അവസാനിക്കുന്നതു വരെ ജുമുഅ നടത്താനാണ് തീരുമാനം.
ഇതനുസരിച്ച് വിശുദ്ധ ഹറമിനു സമീപ പ്രദേശങ്ങളിലെ 554 മസ്ജിദുകളിൽ ജുമുഅ നടക്കും. ഹജ് സീസണിൽ വിശുദ്ധ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കാനും ഹജ് തീർഥാടകർക്ക് പ്രയാസരഹിതമായി ജുമുഅയിൽ പങ്കെടുക്കാൻ അവസരമൊരുക്കാനും ലക്ഷ്യമിട്ടാണിത്.