ജിദ്ദ:നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പരിഷ്‌കരിച്ചു. നിയമ ലംഘനത്തിന്റെ ഇനവും ആവർത്തനവും അനുസരിച്ച് ക്രമാനുഗതമായി പിഴകൾ വർധിക്കും. നഗരങ്ങളുടെ പ്രാധാന്യത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ചുമത്തുന്ന പിഴകളിൽ ഏറ്റക്കുറച്ചിലുണ്ട്. നിയമ ലംഘനങ്ങൾക്കുള്ള ഏറ്റവും ഉയർന്ന പിഴയായി നിശ്ചയിച്ചിരിക്കുന്നത് 50,000 റിയാലാണ്.
ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി അംഗീകരിച്ച വർഗീകരണം അനുസരിച്ച് സ്ഥാപനങ്ങളുടെ വലിപ്പ വ്യത്യാസവും പിഴകൾ നിർണയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്. ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങളിൽ പിഴകൾ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കും.
വാണിജ്യ നിയമ ലംഘനങ്ങൾ, പൊതുശുചീകരണ നിയമ ലംഘനങ്ങൾ-വാണിജ്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, റോഡുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, നിർമാണ നിയമ ലംഘനങ്ങൾ, പെട്രോൾ ബങ്കുകളുമായും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, വിൽപന അനുപാതവുമായി ബന്ധപ്പെട്ട നഗരസഭാ ഫീസ് നിയമ ലംഘനങ്ങൾ, പരസ്യ ബോർഡുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ, ആരോഗ്യ സ്ഥാപന നിയമ ലംഘനങ്ങൾ, വിൽപന നിയമ ലംഘനങ്ങൾ എന്നീ ഒമ്പതു ഗ്രൂപ്പ് നിയമ ലംഘനങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അറിയിച്ചു.
നിയമ ലംഘനങ്ങളുടെ ഇനവും സ്വഭാവവും അനുസരിച്ച് നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഏഴു മുതൽ 120 ദിവസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. റോഡുകളുമായും കെട്ടിട നിർമാണവുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ 120 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
നഗരസഭാ ലൈസൻസില്ലാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഗുരുതരമായ നിയമ ലംഘനമായാണ് കണക്കാക്കുന്നത്. ഇതിന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ലഭിക്കും. നഗരസഭകളുടെയും ബലദിയകളുടെയും തരംതിരിവിനനുസരിച്ചാണ് നിയമ ലംഘകർക്കുള്ള പിഴ തുക കണക്കാക്കുക. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. കൂടാതെ ലൈസൻസ് നേടുന്നതു വരെ സ്ഥാപനം അടപ്പിക്കുകയും ചെയ്യും.
വ്യാപാര സ്ഥാപനങ്ങളിൽ ഇ-പെയ്‌മെന്റ് സംവിധാനം ഇല്ലാതിരിക്കൽ, ഇ-പെയ്‌മെന്റ് സംവിധാനം പ്രവർത്തിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ലഭിക്കും. ഇ-പെയ്‌മെന്റ് സംവിധാനം ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിക്കാതിരിക്കുന്നതിന് മുഴുവൻ നഗരങ്ങളിലെയും എല്ലാ വിഭാഗം സ്ഥാപനങ്ങൾക്കും 200 റിയാൽ തോതിലാണ് പിഴ ചുമത്തുക. ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുന്നതിന് 400 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും.
ലൈസൻസില്ലാതെ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ലൈസൻസ് നേടുന്നതുവരെ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശ പരിധിക്കു പുറത്ത് കാർ പാർക്കിംഗ് തണൽ കുടകളും ഷെഡ്ഡുകളും സ്ഥാപിക്കുന്നവർക്ക് 2,500 റിയാൽ പിഴ ലഭിക്കും. എന്നാൽ പിഴ ചുമത്തുന്നതിനു മുമ്പായി ഈ നിയമ ലംഘനം അവസാനിപ്പിക്കാൻ ഏഴു ദിവസത്തെ സാവകാശം അനുവദിക്കും.
ലൈസൻസില്ലാതെ റോഡ് അടക്കുന്ന കരാറുകാർക്ക് ഓരോ സൈറ്റിനും 6,000 റിയാൽ മുതൽ 30,000 റിയാൽ വരെ തോതിൽ പിഴ ചുമത്തും. കൂടാതെ റോഡുകളിൽ വരുത്തുന്ന കേടുപാടുകൾ നന്നാക്കുന്നതിന്റെ ചെലവും കരാറുകാർ വഹിക്കേണ്ടിവരും. അതല്ലെങ്കിൽ കേടുപാടുകൾ കരാറുകാർ സ്വന്തം നിലക്ക് നന്നാക്കേണ്ടിവരും.
അടിയന്തരമായി റോഡിൽ കുഴിയെടുക്കാൻ നേടുന്ന ലൈസൻസ് അടിയന്തരമല്ലാത്ത കുഴിയെടുക്കൽ ജോലികൾക്ക് ഉപയോഗിക്കുന്നതിന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തും. റോഡുകളിലെ നിർമാണ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിക്കാതിരുന്നാൽ 4,000 റിയാൽ മുതൽ 20,000 റിയാൽ വരെയാണ് പിഴ ലഭിക്കുക. റോഡുകളിൽ കുഴിയെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് ആവശ്യമായ വെളിച്ച സംവിധാനം ഏർപ്പെടുത്താതിരുന്നാലും സർവീസ് ട്രാക്ക് വ്യവസ്ഥകൾക്ക് വിരുദ്ധമായ സൈറ്റിൽ കുഴിയെടുക്കുന്നതിനും കരാറുകാർക്ക് ഇതേ തുക പിഴ ചുമത്തും.
ലൈസൻസ് പ്രകാരമുള്ള പ്ലാനിന് വിരുദ്ധമായി താമസ ആവശ്യത്തിനുള്ള വില്ലകളുടെ വിസ്തൃതിയും നിലകളും വർധിപ്പിക്കുന്നതിന് 200 റിയാൽ മുതൽ 1,000 റിയാൽ വരെയാണ് പിഴ ലഭിക്കുക. കൂടാതെ നിയമം ലംഘിച്ച് നിർമിച്ച ഭാഗങ്ങൾ നിയമ ലംഘകർ സ്വന്തം ചെലവിൽ പൊളിച്ച് നീക്കം ചെയ്യേണ്ടിവരും. നിർമാണ ലൈസൻസില്ലാതെ കെട്ടിടം നിർമിക്കുന്ന കരാറുകാരന് 10,000 റിയാൽ മുതൽ 50,000 റിയാൽ വരെയും ലൈസൻസില്ലാതെ കെട്ടിടം പൊളിക്കുകയോ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യുന്ന കരാറുകാരന് 1,000 റിയാൽ മുതൽ 10,000 റിയാൽ വരെയും പിഴ ലഭിക്കും.