ജിദ്ദ:ഹജ് സീസണ്‍ പ്രമാണിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തിയതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. ഹജ് സീസണില്‍ 3,400 ലേറെ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുക. ഇവയില്‍ ആകെ 15 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭിക്കും. മക്കക്കും മദീനക്കുമിടയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 126 വരെയായി ഉയര്‍ത്തിയിട്ടുണ്ട്. മക്ക റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകളുമായി ട്രെയിന്‍ സര്‍വീസുകളെ ബന്ധിപ്പിച്ചത് തുടരുന്നതായി സൗദി അറേബ്യ റെയില്‍വെ കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ എന്‍ജിനീയര്‍ റയാന്‍ അല്‍ഹര്‍ബി പറഞ്ഞു.
കഴിഞ്ഞ റമദാനില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളില്‍ യാത്ര ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വേഗത കൂടിയ പത്തു ഇലക്ട്രിക് ട്രെയിന്‍ സര്‍വീസുകളില്‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്. പദ്ധതിയില്‍ 35 ട്രെയിനുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. മക്ക, ജിദ്ദ സുലൈമാനിയ, ജിദ്ദ എയര്‍പോര്‍ട്ട്, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലായി ആകെ അഞ്ചു റെയില്‍വെ സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്.