അബുദാബി:യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി നീട്ടി. അര്‍ധവാര്‍ഷിക സ്വദേശിവല്‍കരണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് ജൂലൈ ഏഴു വരെ നീട്ടിയതായി ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
നീട്ടിയ കാലയളവിനുള്ളില്‍ സ്വദേശി നിയമനം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്ക് ജൂലൈ എട്ടു മുതല്‍ ജോലിക്ക് നിയോഗിക്കാത്ത ഓരോ യുഎഇ പൗരനും 42,000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈദ് അല്‍ അദ്ഹ അവധിയുള്ളതില്‍ സമയപരിധി കുറഞ്ഞതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയം പറഞ്ഞു.
2023 ജനുവരി ഒന്നിനകം 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ ജീവനക്കാരില്‍ കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും യുഎഇ പൗരന്മാരാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. സ്വദേശവല്‍കരണത്തില്‍ ഒരു ശതമാനം അര്‍ദ്ധവാര്‍ഷിക വളര്‍ച്ച കൈവരിക്കാനാകണമെന്നും വ്യക്തമാക്കിയിരുന്നു. നീട്ടിയ സമയപരിധി പ്രയോജനപ്പെടുത്താനും
യു.എ.ഇ പൗരന്മാര്‍ക്ക് മത്സരാധിഷ്ഠിത തൊഴില്‍ വിപണി സൃഷ്ടിക്കാനും സ്വകാര്യ മേഖലയോട് ആവശ്യപ്പെടുകയാണെന്ന് മന്ത്രാലയം പറഞ്ഞു.
ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 10,500 ലധികം സ്വദേശികള്‍ സ്വകാര്യമേഖലയില്‍ ജോലിക്ക് ചേര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് യുഎഇ പൗരന്മാര്‍ ജോലിക്ക് ചേര്‍ന്നതില്‍ 11 ശതമാനമാണ് വര്‍ധന. സ്വകാര്യ മേഖലയിലെ മൊത്തം യു.എ.ഇ പൗരന്മാരുടെ എണ്ണം 66,000 ആയി ഉയര്‍ന്നിട്ടുണ്ട്. 16,000ലധികം കമ്പനികളിലായാണ് ഇത്രയും സ്വദേശി ജീവനക്കാര്‍.