റിയാദ്:ഏഴ് വ്യാപാര മേഖലയിലെ വില്‍പന ഔട്ട്‌ലെറ്റുകളുടെ സൗദിവത്കരണം നിലവില്‍വന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എലിവേറ്ററുകള്‍, ലിഫ്റ്റുകള്‍, ബെല്‍റ്റുകള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കൃത്രിമ ടര്‍ഫ്, നീന്തല്‍ക്കുളം സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എയര്‍ഗണ്‍, വേട്ടയാടല്‍, യാത്രാ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, പാക്കിംഗ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ച് ഇന്നാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്. ഈ മേഖലയില്‍ നിരവധി വിദേശികള്‍ ജോലി ചെയ്തിരുന്നു.
വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ സൈറ്റ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ട്രാക്ക് ഹെഡ്, എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി എന്നീ തൊഴിലുകളും സൗദിവത്കരണ പരിധില്‍ വന്നിട്ടുണ്ട്. ഈ പ്രൊഫഷനുകളില്‍ 50 ശതമാനം സൗദികളായിരിക്കണമെന്ന വ്യവസ്ഥയാണ് ഇന്ന് നിലവില്‍ വന്നത്.