മക്ക:ഹജ് തീർഥാടകരുടെ സഞ്ചാരവും യാത്രാ വഴികളും നിരീക്ഷിക്കാൻ ഈ വർഷം ഡ്രോണുകളും ഏർപ്പെടുത്തുന്നു. ഹജ് തീർഥാടകരുടെ സഞ്ചാര പാതകളുടെ യോഗ്യത ഉറപ്പു വരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഡ്രോണുകളുപയോഗപ്പെടുത്തുന്ന പദ്ധതി സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് വകുപ്പു മന്ത്രി എൻജിനീയർ സാലിഹ് അൽ ജാസിർ നിർവഹിച്ചു.
ഇതനുസരിച്ച് ഈ വർഷത്തെ ഹജിൽ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ നിന്ന് മക്കയിലേക്കുള്ള റോഡുകളുടെ ഉപയോഗക്ഷമതയും നിലവാരവും റിപ്പയറിംഗുകളുമെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തും. തുടർച്ചയായ മൂന്നാം വർഷമാണ് റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഉദ്ദേശിച്ച് സുരക്ഷിതവും മികച്ചതുമായ സഞ്ചാര പാതയെന്ന പേരിൽ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് വകുപ്പു കാമ്പയിൻ നടത്തുന്നത്.
റോഡുകളുടെ ഉപയോഗ ക്ഷമതയും സുരക്ഷിതത്വവും വർധിപ്പിക്കുക, റോഡ് ശൃംഖയിലുടനീളം യാത്രക്കാർക്കാവശ്യമായ അടിസ്ഥാന സേവനങ്ങൾ നൽകുക എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്.
ഹാജിമാർ ഉപയോഗപ്പെടുത്തുന്ന സൗദിയിലെ റോഡ് ശൃംഖയുടെ ദൈർഘ്യം 73,000 കിലോമീറ്ററും പാലങ്ങളുടെ എണ്ണം 3700 ആണ്. 550 വിദഗ്ധരുടെ സഹകരണത്തോടെ ആഴ്ചയിൽ അഞ്ചു ദിവസവും 62 ഗ്രൂപ്പുകളായി തിരിച്ച് ഫീൽഡ് പരിശോധന നടത്തും.
സർവകലാശാല വിദ്യാർഥികൾ, ഹൈവേ പോലീസ്, പബ്ലിക് ട്രാൻസ്‌പോർട്ട് വകുപ്പിലെ സാങ്കേതിക വിദഗ്ധർ തുടങ്ങിയവരടങ്ങുന്ന സംഘവും ടീം അംഗങ്ങൾക്കൊപ്പമുണ്ടാകും.
ഒരാഴ്ചയ്ക്കുള്ളിൽ ഹാജിമാരുടെ സഞ്ചാര പാതകളെല്ലാം വിദഗ്ധ സംഘം പരിശോധിച്ച് ഉറപ്പു വരുത്തും. ഡ്രോണുകൾക്കൊപ്പം കഴിഞ്ഞ വർഷത്തെ കാമ്പയിനിൽ ഉപയോഗപ്പെടുത്തിയ ആധുനിക യന്ത്രസാമഗ്രികളുടെ സന്നാഹവും സംഘത്തോടൊപ്പമുണ്ടാകും. റോഡുകളുടെ മേന്മയും ടാറിംഗിന്റെ കനവും റോഡിലെ ചെരുവുകളും വളവുകളുടെ തോതും പരിശോധിക്കാനാവശ്യമായ ഐ.ആർ.ഐ, എഫ്.ഡബ്ലൂ്യ, ജി.പി.ആർ തുടങ്ങിയ ഹെവി വാഹനങ്ങളുടെ 18 ഇന നിര തന്നെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഇതിനായി ഒരുക്കിയിട്ടുണ്ട്.
പരിശോധനക്കിടയിൽ കണ്ടെത്തുന്ന നിരീക്ഷണങ്ങളും നിർദേശങ്ങളും പരിഹരിക്കാനാവശ്യമായ ദ്രുതകർമ സേവന സംഘവും പ്രവർത്തിക്കുന്നുണ്ട്. റോഡുകളിൽ കണ്ടെത്തുന്ന സുരക്ഷാ തകരാറുകളോ അപകട സാധ്യതകളോ ഉടനടി ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ടോൾഫ്രീ നമ്പറിലേക്ക് അറിയിക്കാൻ രാജ്യത്തെ ജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.