ദമാം:സൗദിയിൽ മയക്കുമരുന്ന് കേസിൽപെട്ട് മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലിലടക്കപ്പെട്ടതായും ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. മയക്കു മരുന്നിനെതിരെ പ്രതിരോധം തീർക്കുക എന്ന പേരിൽ ദമാം ബദർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ സംസാരിക്കുകയായിരുന്നു അവർ.
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു മരുന്ന് കേസുകൾ വർധിച്ചു വരുന്നതായും, പിടിക്കപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു. അതിൽ കൂടുതലും യുവാക്കളും വിദ്യാർഥികളുമാണെന്നത് ഞെട്ടിക്കുന്ന താണെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സംഘടനകളും സമൂഹത്തിനിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അവർ അഭ്യർഥിച്ചു.
മുൻകാലങ്ങളിൽ ഒന്നും കാണാത്ത വിധം യുവാക്കളിൽ മയക്കു മരുന്ന് ഉപയോഗം വർധിച്ചിട്ടുണ്ട്. ഇത് സമൂഹത്തിൽ ദൂരവ്യാപകമായ വിപത്താണ് സൃഷ്ടിക്കുന്നത്. കമ്യൂണിറ്റി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഇതര രാജ്യക്കാരായ റാക്കറ്റുകൾ വിദ്യാർഥികളെ വലവീശി പിടിക്കുകയും ഈ ചങ്ങലയിൽ കണ്ണികളാക്കി ഒരിക്കലും പിന്തിരിയാൻ കഴിയാത്ത വിധം വരിഞ്ഞു മുറുക്കുന്നതായും സാമൂഹ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു. പല വിദ്യാർഥികളും ഇക്കാര്യത്തിൽ രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങി ഇത്തരം ഇടപാടുകളിൽ ഇരയാകുന്നതായും ഇവർ പരിതപിക്കുന്നു.
പലരും നാണക്കേട് മൂലം രഹസ്യമാക്കി വെക്കുകയാണ്. എന്നാൽ, ഇതിലൂടെ വലിയ പ്രശ്‌നങ്ങളിൽ അകപ്പെടുന്നതായാണ് കണ്ടു വരുന്നത്. മലയാളികളായ നിരവധി വിദ്യാർഥികളും യുവാക്കളും ഇതിനകം ദമാമിൽ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ചില രക്ഷിതാക്കൾ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചു തങ്ങളുടെ മക്കളെ കുറിച്ച് ഒരാഴ്ചയായി ഒരു വിവരവുമില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഇവർ എത്തപ്പെട്ട ഏറ്റവും അപകടകരമായ അവസ്ഥയെ കുറിച്ച് അറിയുന്നത്.
ഓൺലൈൻ മാർഗം ഓർഡർ നൽകുകയും പണം സ്വീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഇത്തരം സാധനങ്ങൾ ഒളിപ്പിച്ചു വെച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി ലോക്കേഷൻ നൽകുകയും ചെയ്യുന്ന വിൽപന രീതിയാണ് ഇവർ കൈക്കൊള്ളുന്നത്. മാരകമായ മയക്കു മരുന്നുകളാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നതെന്നും ഇത് സമൂഹത്തിൽ വലിയ പ്രാത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇക്കാര്യത്തിൽ സാമൂഹിക സാംസ്‌കാരിക സംഘടനകളും പൊതു പ്രവർത്തകരും ഇതിനെ പ്രതിരോധിക്കാൻ ശക്തമായി മുന്നോട്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ആദ്യ ഘട്ടം എന്ന നിലയ്ക്ക് സ്‌കൂളുകളിൽ നിന്നും ആരംഭിക്കണമെന്നും രക്ഷിതാക്കൾക്കപ്പുറം അധ്യാപകർക്കും ഇതിൽ പങ്കു വഹിക്കാനുണ്ടെനും ഇവർ അഭിപ്രായപ്പെട്ടു. വിദ്യാർഥികളിൽ ഉണ്ടാവുന്ന സ്വഭാവ മാറ്റം കൃത്യമായി കണ്ടെത്താൻ കഴിയുന്നവർ അധ്യാപകരാണെന്നും ഇക്കാര്യം കൃത്യ സമയത്ത് തന്നെ മാതാപിതാക്കളെ അറിയിച്ച് നടപടി സ്വീകരിക്കണമെന്നും ഇവർ അഭിപ്രായപ്പെട്ടു.
താൽക്കാലിക സുഖത്തിനായി ഇത് സ്വീകരിക്കുന്ന വിദ്യാർഥികൾ പിന്നീട് ഇതിന് അടിമപ്പെടുന്നതായാണ് കണ്ടു വരുന്നതെന്നും അതിനാൽ കുടുംബങ്ങൾ അവരുടെ മക്കളുടെ ഇടപാടുകൾ തിരിച്ചറിയുകയും അമിതമായ പണം വരവിനെ നിരീക്ഷിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ പറഞ്ഞു. മക്കളുടെ വഴിവിട്ട ഇത്തരം ഇടപാടുകൾ കാരണം നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയുടെ മകൻ പിടിയിലായത് ജുബൈലിൽ വെച്ചായിരുന്നു.
ജീവിതത്തിൽ ഒരു പുകവലി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വളരെ സൽസ്വഭാവിയായ തന്റെ പുത്രൻ എങ്ങനെ ഈ റാക്കറ്റിൽ അകപ്പെട്ടു എന്നാണ് ആ പിതാവിന്റെ ഭാഷ്യം. ഈ രാജ്യത്ത് മയക്കു മരുന്നിനെതിരെ അധികാരികൾ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. കുടുംബങ്ങൾക്കും സമൂഹത്തിനും വെല്ലുവിളിയായി തീർന്നിരിക്കുന്ന മയക്കുമരുന്ന് എന്ന ഈ സാമൂഹ്യ വിപത്തിനെ തുരത്താൻ അധികൃതർക്കൊപ്പം പ്രവാസി സമൂഹം ശക്തമായി നിലകൊള്ളണമെന്നും ഇതിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ആവിഷ്‌കരിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.
സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, സിറാജ് പുറക്കാട്, ഷാജി മതിലകം, ലോക കേരളസഭ അംഗങ്ങളായ ആൽബിൻ ജോസഫ്, ബിജു കല്ലുമല, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ റഫീഖ് കൂട്ടിലങ്ങാടി, നൗഷാദ് തഴവ, ബീൻസ് മാത്യു എന്നിവർ ടേബിൾ ടോക്കിൽ സംബന്ധിച്ചു. ഹബീബ് ഏലംകുളം മോഡറേറ്റർ ആയിരുന്നു.