റിയാദ്: വ്യവസ്ഥകൾ പാലിക്കാതെ സഊദിയിൽ മടങ്ങിയെത്തുന്നതിനാൽ സഊദി വിമാനത്താവളങ്ങളിൽ നിന്ന് മടക്കി അയക്കുന്നത് തുടർകഥയാകുന്നു. റീ എൻട്രിയിൽ പോയി മടങ്ങി വരാൻ സാധിക്കാതെ പിന്നീട് പുതിയ വിസയിൽ നിബന്ധനകൾ പാലിക്കാതെ എത്തുന്നവരാണ് സഊദിയിൽ എത്തിയിട്ടും പുറത്തിറങ്ങാൻ സാധിക്കാതെ നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളികളും ഇത്തരത്തിൽ മടങ്ങുന്നവരിൽ ഉൾപ്പെടുന്നുണ്ട്. കഴിഞ ദിവസം കോഴിക്കോട് നിന്ന് സഊദിയിലെ ദമാമിൽ ഇത്തരത്തിൽ പുതിയ വിസയിൽ എത്തിയ മലയാളിക്ക് ഒടുവിൽ പണം മുടക്കി പുതിയ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പുതിയ വിസയിൽ സഊദി വിമാനത്താവളത്തിൽ ഇറങ്ങിയ എമിഗ്രേഷനിലാണ് തടയപ്പെട്ടത്.
എമിഗ്രേഷനിൽ ഫിംഗർ നൽകിയപ്പോൾ പ്രവേശനം സാധ്യമാകാതെ ഇദ്ദേഹത്തെ മാറ്റി നിർത്തി
മൂന്ന് വർഷവും അഞ്ചു മാസങ്ങൾക്കും മുമ്പ് നാട്ടിൽ എത്തിയ ഇദ്ദേഹത്തിനാണ് പുതിയ വിസയിൽ എത്തിയപ്പോൾ പ്രവേശനം തടയപ്പെട്ടത്. സഊദി നിയമപ്രകാരം റീ എൻട്രിയിൽ പോയ ഒരാൾക്ക് പുതിയ വിസയിൽ തിരിച്ചു വരാൻ മൂന്ന് വർഷം പൂർത്തിയായാൽ മതിയെന്നതാണ് നിയമം. എന്നാൽ, കൊറോണ കാലത്ത് പോയതിനാൽ അന്നത്തെ സാഹചര്യത്തിൽ നാട്ടിലുള്ളവർക്ക് സൗജന്യമായി റീ എൻട്രി പുതുക്കി നൽകിയപ്പോൾ അതിന്റെ കാലാവധി അവസാനിക്കുന്ന തിയ്യതിമുതൽ മൂന്ന് വർഷം പൂർത്തിയായില്ല എന്നതാണ് ഇദ്ദേഹത്തിന് വിനയായത്. തുടർന്ന് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ഡൽഹിയിൽ എത്തിയ ശേഷം ടിക്കറ്റിന്റെ പണം നൽകിയ ശേഷമാണ് ഇവരുടെ പാസ്സ്പോർട്ട് മടക്കി നൽകിയത്. ഇദ്ദേഹത്തിന്റെ കൂടെ തന്നെ ഇരുപതോളം ആളുകൾ സമാനമായ കാരണങ്ങളാൽ നാട്ടിലേക്ക് തന്നെ മടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
കൊറോണ കാലത്ത് നാട്ടിൽ പോയ പ്രവാസികൾ നിർബന്ധമായും തിരിച്ചു വരുന്നതിനു മുന്നേ ഗവൺമെൻറ് ഫ്രീയായി പുതുക്കിയ റീ എൻട്രി അവസാനിച്ചത് മുതൽ മൂന്നു വർഷമാണ് കാലാവധി എന്ന കാര്യം നിർബന്ധമായും ഓർമിക്കുക
മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ വാസം, കൊവിഡ് ടെസ്റ്റുകൾ, കൊവിഡ് സർട്ടിഫിക്കറ്റുകളുടെ രജിസ്‌ട്രേഷൻ, സഊദിയിൽ എത്തിയാലുള്ള ക്വാറന്റൈൻ തുടങ്ങിയ വ്യവസ്ഥകൾ നടപ്പാക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പല റീ എൻട്രിക്കാരും തിരിച്ചുവരാൻ മടിച്ചു. കടുത്ത കൊവിഡ് വ്യവസ്ഥകൾ പിൻവലിക്കുമെന്ന പ്രതീക്ഷയോടെ അവർ നാട്ടിൽ തന്നെ തുടർന്നു. ഇവരാണ് ഇപ്പോൾ സഊദിയിലേക്ക് വരാൻ വഴി തേടുന്നത്. എന്നാൽ, വ്യക്തമായി അന്വേഷിക്കാതെയും കൃത്യമായ തിയ്യതികളും മറ്റും നോക്കാതെയും കയറി വരുന്നവരാണ് ഇപ്പോൾ കുടുങ്ങുന്നത്.