അബുദാബി:യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയും തെരഞ്ഞെടുക്കാന്‍ അവസരം. സര്‍ക്കാര്‍ മാനവശേഷിക്കായി രാജ്യത്തെ ഫെഡറല്‍ അതോറിറ്റി പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്. ജൂലൈ ഒന്നുമതല്‍ പ്രാബല്യത്തില്‍ വരുന്ന ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ജീവക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാതെ നാല് ദിവസത്തെ ജോലി തെരഞ്ഞെടുക്കാം. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്തിരിക്കണം. വകുപ്പ് തലവന്മാരും ജീവനക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രതിവാര ജോലി കുറക്കുന്നതടക്കമുള്ള ചട്ടങ്ങളാണ് പുതിയ മാനവശേഷി നിയമം മുന്നോട്ടു വെക്കുന്നത്. രാജ്യത്തിനകത്തും പുറത്തും വിദൂര ജോലി ചെയ്യാനും പുതിയ ചട്ടങ്ങള്‍ അനുവദിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളേയും വകുപ്പുകളേയും കൂടുതല്‍ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. ഷാര്‍ജയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഈ മാറ്റം നടപ്പാക്കിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും പ്രതിവാര ജോലി സമയം കുറക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.