ദോഹ- ഖത്തറിൽ നിരവധി സർക്കാർ സേവനങ്ങൾ നിർത്തലാക്കുന്നു. ബിസിനസുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് സർക്കാർ സേവന കേന്ദ്രങ്ങൾ വഴി നൽകുന്ന നിരവധി സേവനങ്ങൾ ഉടൻ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (എം.ഒ.സി.ഐ) അറിയിച്ചു.
ബിസിനസിന്റെ പുതിയ ശാഖ ചേർക്കൽ, സ്ഥാപനത്തിന്റെ പേര് മാറ്റൽ, ആക്ടിവിറ്റി പരിഷ്‌കരണത്തോടെ വ്യാപാര നാമം മാറ്റൽ, വ്യക്തിഗത ഡാറ്റ പരിഷ്‌കരിക്കൽ, ബിസിനസ് പ്രവർത്തനങ്ങൾ പരിഷ്‌കരിക്കൽ, ലൊക്കേഷൻ മാറ്റൽ, ഉത്തരവാദിത്തമുള്ള മാനേജരെ മാറ്റൽ, വാണിജ്യ ലൈസൻസ് പുതുക്കൽ എന്നീ സേവനങ്ങളാണ് നിർത്തലാക്കുന്നത്.
ഉപഭോക്താക്കൾ ഈ സേവനങ്ങൾക്ക് ഏകജാലക പോർട്ടൽ പ്രയോജനപ്പെടുത്തണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു. സർക്കാർ സേവനങ്ങൾ ഡിജിറ്റലായി നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിന്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 16001 എന്ന നമ്പറിൽ ബന്ധപ്പെടാം.