റിയാദ്:മൂല്യവര്‍ധിത നികുതി (വാറ്റ്) 15 ശതമാനമായി നിലനിര്‍ത്തണമെന്നും വൈദ്യുതിയുടെയും പെട്രോളിന്റെയും മറ്റു ഇന്ധനങ്ങളുടെയും വില ഉയര്‍ത്തണമെന്നും അന്താരാഷ്ട്ര നാണയ നിധി സൗദി അറേബ്യയോട് ശുപാര്‍ശ ചെയ്തു. സൗദി റിയാല്‍, പെട്രോള്‍ വില, സബ്‌സിഡികള്‍ എന്നിവ ശക്തിയോടെ നിലനില്‍ക്കുന്നുണ്ടെങ്കിലും 2023ല്‍ സൗദി അറേബ്യയുടെ നാണയപ്പെരുപ്പം 2.8 ശതമാനമായി തുടരും. നാലാം ആര്‍ട്ടിക്ള്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഐഎംഎഫ് അതിന്റെ ശുപാര്‍ശകള്‍ സൗദി അറേബ്യക്ക് കൈമാറിയത്.
2022ല്‍ ജി 20 രാജ്യങ്ങളില്‍ ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ചയുണ്ടായ രാജ്യമാണ് സൗദി. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലെത്തി. തൊഴില്‍ വിപണിയില്‍ വനിതാസാന്നിധ്യം 36 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും വലിയ മിച്ചം കറന്റ് എകൗണ്ടിലുണ്ടായി. കരുതല്‍ ധനശേഖരം ഉചിതമായ തലത്തില്‍ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതുകടം സൗദി അറേബ്യക്ക് കുറഞ്ഞ് സുസ്ഥിര നിലയിലാണ്. സാമ്പത്തിക ഘടന കണക്കിലെടുക്കുമ്പോള്‍ വിനിമയ നിരക്കിനെ യുഎസ് ഡോളറുമായി ബന്ധിപ്പിക്കുന്ന നയം ഗുണകരമാണ്. സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇത് കരുത്ത് നല്‍കും. ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.