ജിദ്ദ:ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാന്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 19,046 വ്യാപാര സ്ഥാപനങ്ങള്‍ പദവി ശരിയാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ 16,064 സ്ഥാപനങ്ങള്‍ വിദേശ നിക്ഷേപ ലൈസന്‍സുകള്‍ നേടിയാണ് പദവി ശരിയാക്കിയത്. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും പദവി ശരിയാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 14 ലക്ഷത്തിലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ വാണിജ്യ മന്ത്രാലയം പരിശോധിച്ചു.
ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്താനുള്ള സംവിധാനവും സൂചനകളും പരിഷ്‌കരിക്കുന്നതിന് ആകെ 14,02,338 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്തു. സ്ഥാപനങ്ങളുടെ വലിപ്പം, പ്രവര്‍ത്തന മേഖല, പ്രവര്‍ത്തിക്കുന്ന പ്രവിശ്യ എന്നിവയെല്ലാം കണക്കിലെടുത്താണ് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചത്. ബിനാമി ബിസിനസ് വിരുദ്ധ പോരാട്ട ശ്രമങ്ങള്‍ ഏകീകരിക്കുന്നതിന് പതിമൂന്നു സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി സൂപ്പര്‍വൈസിംഗ് സമിതിയും പത്തൊമ്പത് സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തി എക്‌സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.