മക്ക:ഈ വർഷത്തെ ഹജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ 50,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയതായി മക്ക നഗരസഭ അറിയിച്ചു. അഞ്ചു പാർക്കിംഗ് യാഡുകളിലായി 18,80,000 സ്വകയർ മീറ്റർ സ്ഥലമാണ് ഇതിനായി നഗരസഭ സജ്ജീകരിച്ചിട്ടുള്ളത്.
ഇതിലെല്ലാമായി 50,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്കിംഗുകളോടനുബന്ധിച്ച് സർക്കാർ വകുപ്പ് ഓഫീസുകൾ, ടോയ്‌ലറ്റുകൾ, ഹാജിമാർക്ക് വിശ്രമിക്കാനും കാത്തിരിക്കാനുമുള്ള സ്ഥലങ്ങൾ, മസ്ജിദുകൾ എന്നിവയുമുണ്ട്. ഹജിനോടനുബന്ധിച്ച് മക്കയിലും ഹജ് അനുബന്ധ പുണ്യ സ്ഥലങ്ങളിലും ട്രാഫിക് ജാം വരാതെ നിയന്ത്രിക്കുന്നതിൽ ഈ പാർക്കിംഗ് ഏരിയകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. ഹാജിമാർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിന്റെ പാർക്കിംഗ് ഏരിയകളിലെല്ലാം ഫീൽഡ് പരിശോധനകളും അറ്റകുറ്റപ്പണികളും ക്ലീനിംഗും നിർവഹിക്കാൻ പ്രത്യേകം തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുമുണ്ട്.