ജിദ്ദ- . യഥാര്‍ഥത്തില്‍ ഇത്തരമൊരു വിസ ഇല്ല. ഏതെങ്കിലും സൗദി പൗരന്റെ പേരിലുള്ള വിസയില്‍ നാട്ടില്‍നിന്ന് കയറി വന്നശേഷം പുറത്ത് സ്വയം തൊഴില്‍ കണ്ടെത്തി ജോലി ചെയ്യുന്നതിനെയാണ് ഫ്രീ വിസ എന്ന് റിക്രൂട്ടിംഗ് ഏജന്റുമാര്‍ വിളിക്കുന്നത്. ഇത്തരം രീതിയില്‍ നാട്ടില്‍നിന്നെത്തിയ ആയിരങ്ങള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍ നിയമവിരുദ്ധമാണ് ഇതെങ്കിലും ഏറെക്കാലമായി ഇത് തുടരുകയായിരുന്നു.
ഹൗസ് ഡ്രൈവര്‍ വിസകളിലോ മറ്റോ കയറി വരികയും ഇവിടെ വ്യാപാരം, ഇലക്ട്രിഷ്യന്‍, പ്ലംബര്‍ പോലുള്ള സാങ്കേതിക ജോലികള്‍, ടാക്‌സി ഓടിക്കല്‍, കരാര്‍ പണികള്‍ ചെയ്യല്‍ തുടങ്ങി വിവിധ തൊഴിലുകള്‍ ചെയ്തുവരുന്ന നിരവധി പേരുണ്ട്. ഇവര്‍ തങ്ങളുടെ കഫീലായ സൗദിക്ക് മാസംതോറും നിശ്ചിത തുക പ്രതിഫലമായി നല്‍കുന്നു. ഈ സമ്പ്രദായത്തിനാണ് ഇപ്പോള്‍ വിലക്ക് വീഴുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന സൗദികള്‍ക്കും ജയില്‍ ശിക്ഷ അടക്കം ലഭിക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
അരലക്ഷം പിഴ, ആറുമാസം ജയില്‍
ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്ക് അരലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് ശേഷം ഇവരെ രാജ്യത്തുനിന്ന് കയറ്റിവിടുകയും ചെയ്യും. സ്വയം തൊഴില്‍ കണ്ടെത്തിയ ആളുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഏറെ കരുതിയിരിക്കേണ്ടി വരും.
കര്‍ശനമാകുന്ന നിയമങ്ങള്‍
സൗദിയുടെ തൊഴില്‍മേഖല അനുദിനം മാറുകയാണ്. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമാണ് വിദേശികളെ സംബന്ധിച്ച് മുന്നിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് മടങ്ങിയ വിദേശികളുടെ എണ്ണം എട്ട് ലക്ഷമാണെന്ന കണക്ക് നിയമങ്ങള്‍ കര്‍ക്കശമാകുന്നതിന്റെ സൂചനകളാണ്.