മക്ക:19 ലക്ഷം ഹാജിമാർക്ക് താമസിക്കാൻ ശേഷിയുള്ള 4,40,000 ഹോട്ടൽ റൂമുകൾ മക്കയിൽ സജ്ജമായി. ഹാജിമാരെത്തിത്തുടങ്ങുന്നതിന് മുമ്പ് തന്നെ താമസ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മക്ക മുനിസിപ്പാലിറ്റി വക്താവ് ഉസാമ അൽസൈതൂനി പറഞ്ഞു.
3,442 കെട്ടിടങ്ങൾക്കാണ് എൻജിനീയറിംഗ് വിഭാഗം താമസാനുമതി നൽകിയത്. തെരഞ്ഞെടുത്ത കെട്ടിടങ്ങളെല്ലാം പൂർണ സൗകര്യങ്ങളുള്ളവയാണ്. അനുമതി നൽകിയ കെട്ടിടങ്ങൾ ഹാജിമാരുടെ താമസ മേൽനോട്ട സമിതി കെട്ടിടങ്ങൾ നിരന്തരമായി നിരീക്ഷണം നടത്തിവരികയാണ്. കെട്ടിട സുരക്ഷക്കാവശ്യമായ എല്ലാ കാര്യങ്ങളും സമിതി ഉറപ്പുവരുത്തും. ഹജ് സീസൺ അവസാനിക്കുന്നത് വരെ നിരീക്ഷണം തുടരുമെന്നും ഹാജിമാർക്ക് യാതൊരു പ്രയാസവുമുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
സമിതിയുടെ പ്രവർത്തനം രണ്ടു ഘട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വർഷവും മുഹറം ആദ്യവാരം തുടങ്ങുന്ന പ്രവർത്തനം റജബ് അവസാനം വരെ തുടരും. എല്ലാ നിബന്ധനകളും പുർത്തീകരിച്ചിട്ടുണ്ടെങ്കിൽ റജബ് മാസം അന്തിമാനുമതി നൽകും. രണ്ടാം ഘട്ടം തുടങ്ങുന്നത് ദുൽഖഅദ ആദ്യം മുതൽ ദുൽഹിജ്ജ അവസാനം വരെയാണ്. ഈ ഘട്ടത്തിൽ വിശദമായ പരിശോധനയാണ് ഓരോ കെട്ടിടത്തിലും നടത്തുന്നത്. ഹാജിമാരുടെ സുരക്ഷക്ക് വേണ്ടിയാണിത്- അദ്ദേഹം പറഞ്ഞു.
മക്കയിൽ ഹാജിമാരെ വരവേൽക്കാൻ നാലര ലക്ഷത്തോളം ഹോട്ടൽ റൂമുകൾ സജ്ജം
