റിയാദ്:സന്ദര്‍ശന, തൊഴില്‍ വിസകള്‍ അടക്കം വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്ക് കീഴിലെ പ്ലാറ്റ്‌ഫോമുകളില്‍ തുടരുന്ന വിസ സര്‍വീസുകളെ ഏകീകരിക്കാന്‍ വിദേശ കാര്യമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
വിദേശകാര്യമന്ത്രാലയത്തിന്റെ നിലവിലെ വിസ പ്ലാറ്റ്‌ഫോം ഏകീകൃത പ്ലാറ്റ്‌ഫോം ആയി 2022 മെയ് മാസത്തില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. എന്നാല്‍ തൊഴില്‍ വിസകളുടെ പൂര്‍ണ ഉത്തരവാദിത്വം മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിനായിരിക്കും. മന്ത്രാലയം അനുമതി നല്‍കുന്ന തൊഴില്‍ വിസകള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ദേശീയ വിസ പ്ലാറ്റ്‌ഫോമിലേക്ക് അയക്കും.
നിലവില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോം വഴി സൗദികള്‍ക്കും വിദേശികള്‍ക്കും കുടുംബ സന്ദര്‍ശന വിസകള്‍, വ്യക്തിഗത വിസകള്‍, റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കല്‍, വിദേശ നയതന്ത്രകാര്യാലയങ്ങള്‍ വഴിയുള്ള വിസകള്‍, വിദേശത്ത് ചികിത്സക്ക് പോകാനുള്ള വിസ, ഹജ്ജ് ഉംറ ഇലക്ട്രോണിക് വിസ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യല്‍ എന്നീ സേവനങ്ങള്‍ നടന്നുവരുന്നുണ്ട്.
സ്റ്റഡി വിസ, ചികിത്സ വിസ, പ്രോഗ്രാം വിസ, ബിസിനസ് വിസിറ്റ്, വിസ വക്കാല, ഉംറ ഓഫീസുകളെ അംഗീകരിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍, ബിസിനസ് സേവനങ്ങളും ലഭിക്കുന്നുണ്ട്.
സൗദിയിൽ സന്ദർശന തൊഴിൽ വിസകൾ അടക്കം വ്യത്യസ്ത വിസകൾ ഏക പ്ലാറ്റ്ഫോമിന് കീഴിലാക്കുന്നു
